ചെന്നൈ: തമിഴ് സീരിയല്‍ നടന്‍ സെല്‍വരത്‌നത്തെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. ഗിരിനഗര്‍ സ്വദേശി വിജയ കുമാറാണ് അറസ്റ്റിലായത്. പുലര്‍ച്ചെ ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് പുറത്തേക്ക് പോയ താരം എംജിആര്‍ നഗറില്‍ വച്ച്‌ ആക്രമിക്കപ്പെടുകയായിരുന്നു. വിജയകുമാറും സെല്‍വ രത്‌നവും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണ്. 

പത്ത് വര്‍ഷമായി സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് സെല്‍വ രത്‌നം.കഴിഞ്ഞ ഞായറാഴ്ചയാണ് സെല്‍വ രത്‌നത്തെ അജ്ഞാത സംഘം വെട്ടികൊന്നത്.വിജയകുമാറിന്റെ ഭാര്യയും നടനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് നടനെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ വിജയകുമാറിന്റെ സാന്നിധ്യമുണ്ടെന്നും പൊലീസ് പറഞ്ഞു.

ജനപ്രിയ സീരിയലില്‍ വില്ലന്‍ വേഷം ചെയ്ത സെല്‍വരത്തിനമാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് 30 വയസായിരുന്നു.  കഴിഞ്ഞ ശനിയാഴ്ച സെല്‍വരത്തിനം ഒരു സുഹൃത്തിനൊപ്പമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നതിനെത്തുടര്‍ന്ന് സെല്‍വരത്തിനം പുറത്തുപോവുകയായിരുന്നു. 

തുടർന്ന് വെട്ടേറ്റതായി സുഹൃത്തിനു വിവരം ലഭിച്ചതിനെ തുടർന്ന് സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്. ശ്രീലങ്കന്‍ അഭയാര്‍ഥിയായ സെല്‍വരത്തിനത്തിന് ഭാര്യയും മക്കളും ഉണ്ട്. ഇവർ രുദുനഗറിലാണ് താമസിക്കുന്നത്.