ഹൈദരാബാദ്: തെലങ്കാനയില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അഞ്ച് വിദ്യാര്‍ത്ഥികളെ നിരന്തരമായി ബലാത്സംഗം ചെയ്തതായി പരാതി. ഏഴിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള അഞ്ച് വിദ്യാര്‍ത്ഥിനികളാണ് ക്രൂരതക്ക് ഇരയായത്. ഭദ്രാദി കോകഗുഡം ജില്ലയിലാണ് സംഭവം. അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികള്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഈ കുട്ടികള്‍ അധ്യാപകന്‍ ബലാത്സംഗം ചെയ്തതായി അമ്മമാരെ അറിയിച്ചു. എന്‍ഡിടിവിയാണ് സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

വ്യത്യസ്ത ദിവസങ്ങളില്‍ അധ്യാപകര്‍ക്ക് കുട്ടികള്‍ക്ക് ക്ലാസെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രധാന അധ്യാപകനും മറ്റൊരു അധ്യാപകനും ഓഗസ്റ്റ് മുതല്‍ ക്ലാസെടുത്തിരുന്നു. ഈ അവസരത്തിലാണ് പ്രധാന അധ്യാപകന്‍ കുട്ടികളെ ഇരയാക്കിയത്. അശ്ലീല വിഡിയോ കുട്ടികള്‍ക്ക് കാണിച്ച് അതുപോലെ ചെയ്യാനാവശ്യപ്പെടുകയായിരുന്നു. സംഭവം പുറത്ത് പറയരുതെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ആദിവാസി മേഖലയിലെ സ്‌കൂളിലാണ് സംഭവമെന്നും ഇരായയ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും ജില്ലാ പൊലീസ് ഓഫിസര്‍ സുനില്‍ ദത്ത് മാധ്യമങ്ങളോട് പറഞ്ഞു.