Asianet News MalayalamAsianet News Malayalam

സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയിൽ മൂന്നാം തവണയും പരാജയപ്പെട്ടു; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

മകൾക്ക് ഇം​ഗ്ലീഷ് ബുദ്ധിമുട്ട് ആയിരുന്നുവെന്നും ട്യൂഷന് അയച്ചിരുന്നുവെങ്കിലും ആ വിഷയത്തിന് എന്നും മാർക്ക് ‌കുറവായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

teen commits suicide after failing class 12 exam for third time
Author
Delhi, First Published May 6, 2019, 10:59 AM IST

ദില്ലി: സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയിൽ മൂന്നാം തവണയും പരാജയപ്പെട്ടതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. വടക്കുകിഴക്കൻ ദില്ലിയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സിബിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം 17കാരിയും അമ്മയും പ്രീത് വിഹാറിലെ സിബിഎസ്ഇ ഓഫീസില്‍ ഫലം അറിയാന്‍ എത്തിയിരുന്നു. ഇവിടെ വെച്ചാണ് താൻ തോറ്റ വിവരം കുട്ടി അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

'പരീക്ഷയിൽ എന്താണ് സംഭവിച്ചതെന്ന് ശരിക്കും അറിയില്ല. സിബിഎസ്ഇ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ശേഷം അവൾ പറഞ്ഞത് പേപ്പർ റദ്ദാക്കിയെന്നാണ്. എന്നാൽ അവൾ വീണ്ടും തോറ്റു എന്നാണ് ഞങ്ങൾക്ക് തോന്നിയത്. അക്കാര്യം ഞങ്ങളെ അറിയിക്കാൻ ധൈര്യമില്ലാത്തതു കൊണ്ടാകാം അവൾ അങ്ങനെ പറഞ്ഞത്'- പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

സിബിഎസ്ഇ ഓഫീസിൽ നിന്നും തിരികെ വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പം ഭക്ഷണം കഴിച്ചു. ശേഷം തന്റെ മുറിയിലേക്ക് പോയതായി അമ്മ പറഞ്ഞു. മകൾ തിരികെ വരാത്തതിനെ തുടർന്ന് മുറിയിലേക്ക് പോയ അമ്മ കണ്ടത് പൂട്ടിയിട്ട മുറിയാണ്. തുടർന്ന് ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോൾ ഫാനില്‍ തൂങ്ങിയ നിലയില്‍ 
കുട്ടിയെ കാണുകയായിരുന്നു. 

ഉടൻ തന്നെ വാതിൽ പൊളിച്ച് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. 2017ലും 2018ലും പെൺകുട്ടി പരാജയപ്പെട്ടിരുന്നതായി സഹോദരി പറഞ്ഞു. മകൾക്ക് ഇം​ഗ്ലീഷ് ബുദ്ധിമുട്ട് ആയിരുന്നുവെന്നും ട്യൂഷന് അയച്ചിരുന്നുവെങ്കിലും ആ വിഷയത്തിന് എന്നും മാർക്ക് ‌കുറവായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios