താനെ: മഹാരാഷ്ട്രയിൽ സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 48കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 23 ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 50 കാരിയായ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവത്തിലാണ് മാസങ്ങൾക്ക് ശേഷം ലഖൻ ദേവ്‌കർ എന്നയാൾ പിടിയിലായത്.

ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയ ശേഷമാണ് പ്രതി സ്ത്രീയെ ബലാത്സംഗം ചെയ്തത്. ഇതേ തുടർന്ന് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ പൊലീസിന് നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയായിരുന്നു. 

പ്രതിക്കായി പൊലീസ് പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇതിനായി തട്ടുകടകളിലും ചേരികളിലും തൊഴിലാളികളുടെ കോളനികളിലും പൊലീസ് അന്വേഷിച്ചു. 

നിരവധി വീഡിയോ ക്ലിപ്പുകളിൽ കണ്ട ഒരാളെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ചോദ്യം ചെയ്യലിനിടെ സ്ത്രീയുടെ മൊഴിയെ അടിസ്ഥാനമാക്കി ഇയാളുടെ ദേഹപരിശോധന നടത്തി. അപ്പോഴാണ് നെഞ്ചിൽ കടിയേറ്റ പാട് കണ്ടത്. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ശനിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.