ആലപ്പുഴ: കായംകുളത്ത് കൊവിഡ് ബാധിതരുടെ വീടുകളെയും വെറുതെ വിടാതെ കള്ളൻമാർ. കായംകുളം കൃഷ്ണപുരത്തെ സൈനികന്‍റെ വീട്ടിൽ കയറിയ കള്ളൻമാർ ചില സാധനങ്ങൾ മോഷ്ടിച്ചു. എന്തെല്ലാമാണ് പോയതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 

കഴിഞ്ഞ ഒരാഴ്ചയായി വീട്ടുടമസ്ഥനും ഭാര്യയും മക്കളും കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. അടച്ചിട്ടിരുന്ന വീടിന്‍റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട അയൽവാസികളാണ് വിവരം കായംകുളം പോലീസിൽ അറിയിച്ചത്. പൊലീസെത്തി പരിശോധന നടത്തിയപ്പോൾ ചില സാധനങ്ങൾ മോഷണം പോയതായി കണ്ടെത്തി. എന്തെല്ലാമാണ് മോഷണം പോയതെന്ന കാര്യം വ്യക്തമായി വീട്ടുകാരെത്തിയാൽ മാത്രമേ മനസ്സിലാകൂ.

കേസിൽ അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.