മുളങ്കുന്നത്തുകാവ്: തൃശ്ശൂരില്‍ വയോധികയ്ക്കെതിരെ മാല കവരാന്‍ വേണ്ടി ആക്രമണം. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് പൂമാല വട്ടായി കരിമ്പത്ത് സുശീല എന്ന 70 കാരിക്കെതിരെയാണ് ക്രൂരമായ ആക്രമണം നടന്നത്. ഇവര്‍ കവര്‍ന്ന മല മുക്കുപണ്ടമാണെന്ന് സുശീല പറഞ്ഞതോടെ ഇവരെ റോഡരികില്‍ തള്ളിയാണ് ഓട്ടോ ഡ്രൈവറും ഒരു യുവതിയും അടങ്ങുന്ന സംഘം കടന്നു കളഞ്ഞത്. 

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,  ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേമുക്കാലോടെ തിരൂർ സെന്‍ററിലാണ് സംഭവം നടന്നത്. അടുത്ത ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങാൻ ബസ് കാത്തുനിൽക്കുകയായിരുന്നു സുശീല.  ഓട്ടോയിലെത്തിയ അപരിചിതരായ യുവാവും യുവതിയും വട്ടായിയിലേക്കു ലിഫ്റ്റ് നൽകാമെന്നു പറഞ്ഞു വിളിക്കുകയായിരുന്നു. 

ആദ്യം മടിച്ചെങ്കിലും യുവതി നിർബന്ധിച്ചപ്പോൾ സുശീല ഓട്ടോയിൽ കയറി.  അത്താണിയിൽ നിന്നു പൂമല റോഡിലേക്കു തിരിയുന്നതിനു പകരം ഓട്ടോ  കുറാഞ്ചേരി ഭാഗത്തേക്കു പോകുന്നതു കണ്ടപ്പോൾ ഇറങ്ങണമെന്ന് സുശീല ആവശ്യപ്പെട്ടെങ്കിലും നായരങ്ങാടി വഴി പോകാമെന്നു വിശ്വസിപ്പിച്ചു യാത്ര തുടർന്നു. 

കനാൽ ബണ്ടിനു സമീപത്തെ വിജനമായ ഭാഗത്തെത്തിയപ്പോൾ ഡീസൽ നിറയ്ക്കാനെന്ന പേരിൽ ഡ്രൈവർ വണ്ടി നിർത്തി ഇറങ്ങി. ഇയാൾ കയ്യിലൊരു ചുറ്റിക കരുതിയിരുന്നു. യുവതി പ്ലാസ്റ്റിക് കയറെടുത്തു സുശീലയുടെ കഴുത്തിൽ കുരുക്കി. വായിൽ തോർത്തും തിരുകി. മാല പൊട്ടിക്കാൻ ഡ്രൈവർ ശ്രമിച്ചപ്പോൾ സുശീല കയറും മാലയും ഒന്നിച്ചുപിടിച്ചു പ്രതിരോധിച്ചു.

ഇതോടെ ഡ്രൈവർ സുശീലയുടെ തലയിലും നെറ്റിയിലും ചുറ്റിക കൊണ്ടു പലവട്ടം അടിച്ചു. അപ്പോഴും മാലയുടെ ഒരുഭാഗം സുശീല മുറുക്കെപ്പിടിച്ചിരുന്നു. സുശീലയെ ഡാമിൽ തള്ളാൻ ഒരു കിലോമീറ്ററോളം വീണ്ടും വണ്ടിയോടിച്ചെങ്കിലും ആരെങ്കിലും കാണ‍ുമെന്നു ഭയന്ന് റോഡരികിൽ തള്ളുകയായിരുന്നു.  മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുശീലയുടെ തലയിൽ 9 തുന്നലുണ്ട്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.