കോഴിക്കോട്: പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ മോഷ്ടിച്ച സ്വര്‍ണ്ണാഭരണം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് മോഷ്ടാവ്. കൊടുവള്ളി കളരാന്തിരി ചെന്നനംപുറം മെയ്തീന്‍ കുട്ടിയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ബുധനാഴ്ചയാണ് 5 പവന്‍ സ്വര്‍ണാഭരണം മോഷണം പോയത്. 

വീട്ടിനകത്തെ തട്ടിന്‍ മുകളില്‍ അഴിച്ചു വെച്ചതായിരുന്നു ആഭരണം. ആ സമയം വീട്ടില്‍ തന്റെ മകന്‍ ജുനൈദിനൊപ്പമെത്തിയ കൂട്ടുകാരനല്ലാതെ മറ്റാരും വന്നിട്ടില്ലയെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു പറയുകയും ആ നിലക്ക് സ്വന്തമായി അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ സംശയിക്കുന്നയാള്‍ കുറ്റം സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി. 

പൊലീസ് സംശയമുള്ളയാളെ വിളിപ്പിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു, ഇന്ന് രാവിലെ വീണ്ടും സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടാണ് വിട്ടയച്ചത്. അതിനിടയിലാണ് ഇന്നു പുലര്‍ച്ചെ വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ വീടിന്റെ മുന്‍വശത്ത് സ്വര്‍ണാഭണം കാണുന്നത്. ഇതോടെ വീട്ടുകാര്‍ വിവരം കൊടുവള്ളി പൊലീസില്‍ അറിയിച്ചു.