ദില്ലി:കള്ളനെ പിടിക്കാനാണ് പൊലീസ്. എന്നാൽ പൊലീസുകാരൻ തന്നെ കള്ളനായാലോ. അങ്ങനെ പൊലീസുകാരൻ നേരിട്ട് നിയന്ത്രിക്കുന്ന മോഷണസംഘത്തെയാണ് കഴിഞ്ഞദിവസം ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലിയിലെ കർണാൽ ബൈപ്പാസിൽ വാഹനം നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്ന യാത്രക്കാരനെ  ഒരു സംഘം തോക്ക് ചൂണ്ടി മർദ്ദിച്ചതിനു ശേഷം പണവും വാഹനവുമായി കടന്നുകളഞ്ഞു. 

ഈ കേസിന് പിന്നാലെയുള്ള അന്വേഷണമാണ് പൊലീസുകാരാനായ കള്ളനിലേക്ക് എത്തിയത്. വാഹന വും പണവും നഷ്ടമായി വ്യക്തിയിൽ നിന്ന് ലഭിച്ച വിവരണത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കൂടാതെ ബൈപ്പാസിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കുറിച്ച് സൂചനയും കിട്ടി. അന്വേഷണം എത്തിയത് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ.

ഇവിടെ നിന്നാണ് ശ്രീകാന്തിനെയും കൂട്ടാളിയായ രഘു കോസാലെയും പൊലീസ് പിടികൂടിയത്.  ട്രെയിനിൽ വേഷം മാറി നടന്ന മോഷണം നടത്തുന്ന ആളാണ്  കോസാല. ഒരു കേസന്വേഷണത്തിനിടെയാണ് കോസാലയെ  ശ്രീകാന്ത് പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്  നൂറുകണക്കിന് മോഷണങ്ങൾ.  ധൂം2 സിനിമയിലെ ഋത്വിക്ക് റോഷന്റെ കഥാപാത്രമാണ് തനിക്ക് പ്രചോദനമായതെന്നാണ് ശ്രീകാന്ത് പൊലീസിന് നൽകിയ മൊഴി.

2011 ലാണ് യുപി പൊലിസിൽ ശ്രീകാന്ത് ചേർന്നത്. മോഷണത്തിന് ശേഷം പലപ്പോഴും ശ്രീകാന്ത് പൊലീസ് വേഷത്തിൽ എത്തി  മോഷ്ടക്കളെ വാഹനത്തിൽ കടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഇവരുടെ സംഘത്തിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് ദില്ലി പൊലീസ് അറിയിച്ചു.