കാസർകോട്: കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകന് ഫോണിലൂടെ വധഭീഷണി. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത്‌ ലാലിന്‍റെയും കൃപേഷിന്‍റേയും അടുത്ത സുഹൃത്തായ ദീപുകൃഷ്ണയെ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

രണ്ട് ദിവസം മുമ്പാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ദീപുകൃഷ്ണയെ ഫോണിൽ വിളിച്ച് ഒരാൾ ഭീഷണിപ്പെടുത്തിയത്. ഫേസ്ബുക്കിൽ ഓവറാകുന്നുണ്ടെന്നും അടുത്തത് നീയാണെന്നും പറഞ്ഞായിരുന്നു ഇന്‍റർനെറ്റ് കോളിലൂടെ ഭീഷണി. ഫോൺ കോളിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ദീപുകൃഷ്ണ ആരോപിച്ചു.

അന്വേഷണം തുടങ്ങിയെന്നും ഇന്‍റര്‍നെറ്റ് കോളായതിനാൽ വിളിച്ചയാളെ കണ്ടെത്തുക പ്രയാസമാണെന്നും ബേക്കൽ പൊലീസ് പറഞ്ഞു. കല്യോട്ട് ഇരട്ടക്കൊലപാതകം നടന്ന ശേഷം ദീപുകൃഷ്ണയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. വധഭീഷണിയെ പൊലീസ് ഗൗരവത്തോടെ കാണണമെന്നും കർശന നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Read more: പെരിയ ഇരട്ട കൊലക്കേസ്: സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമെന്ന് കൃപേഷിന്‍റെ അച്ഛന്‍