Asianet News MalayalamAsianet News Malayalam

'മിന്നൽ മുരളി'യുടെ സെറ്റ് തകർത്ത സംഭവം; മൂന്ന് ബജ്‍റംഗദള്‍ പ്രവർത്തകര്‍ കൂടി പിടിയില്‍

 ബജ്‍റംഗദള്‍ പ്രവർത്തകരായ കെ.ആർ. രാഹുൽ, എൻ.എം. ഗോകുൽ, സന്ദീപ്‌ കുമാർ എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

three bajrang dal activist arrested for minnal murali set destroyed  case
Author
Kochi, First Published May 27, 2020, 1:16 AM IST

കൊച്ചി: കാലടി മണപ്പുറത്ത് ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനായി പണിത പള്ളിയുടെ മാതൃക തകർത്ത കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇനി അഞ്ചു പേരെ കൂടി പിടികൂടാനുണ്ട്. ബജ്‍റംഗദള്‍ പ്രവർത്തകരായ കെ.ആർ. രാഹുൽ, എൻ.എം. ഗോകുൽ, സന്ദീപ്‌ കുമാർ എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

ആലുവ അഡീഷണല്‍ എസ് പി കെ ജെ സോജന്‍റെ കീഴിലുള്ള സംഘം പ്രതികളെ അങ്കമാലിയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടികൂടുകയായിരുന്നു. ബാക്കി പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ടോവിനോ തോമസ് നായകനായ മിന്നൽ മുരളിയെന്ന സിനിമയ്ക്കായി കാലടി ശിവരാത്രി മണപ്പുറത്താണ് ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയിൽ സെറ്റിട്ടത്. 

ഞായർ വൈകിട്ടോടെ പ്രതികൾ സംഘടിച്ചെത്തി ഇത് തകർക്കുകയായിരുന്നു. മതസ്പർധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നത് ഉള്‍പ്പെടെ വിവിധ ക്കം വകുപ്പുകൾ ചുമത്തിയാണ് ഇവര്‍ക്കതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യപ്രതിയായ മലയാറ്റൂർ സ്വദേശി രതീഷ്, കാലടി സ്വദേശി രാഹുൽ എന്നിവരെ ഇന്നലെ പിടികൂടിയിരുന്നു. കൊലപാതകം ഉൾപ്പെടെ 29 കേസുകളിലെ പ്രതിയാണ് രതീഷ്. വിവിധ സിനിമാ സംഘടനകളും മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും നല്‍കിയ പരാതികളില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Follow Us:
Download App:
  • android
  • ios