കടംവാങ്ങിയ പണം തിരിച്ചു  നല്‍കാത്തത്തിനെ തുടര്‍ന്ന് പ്രതികളെ പരസ്യമായി അവഹേളിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഹൈദരാബാദ്: കടം വാങ്ങിയ പണം തിരികെ ചോദിച്ച് പരസ്യമായി അപമാനിച്ചെന്ന് ആരോപിച്ച് സ്വകാര്യ പണമിടപാടു നടത്തിവന്ന 40-കാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. തെലുങ്കാനയിലെ അല്‍വാലില്‍ ആണ് സംഭവം നടന്നത്. കെ. സൈലു (60), എന്‍. വിനോദ (55), ബി. മഞ്ജുള ( 45) എന്നിവരാണ് നാല്‍പ്പതുകാരിയെ വീട്ടില്‍ കയറി കമ്പിപ്പാര കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

കടംവാങ്ങിയ പണം തിരിച്ചു നല്‍കാത്തത്തിനെ തുടര്‍ന്ന് പ്രതികളെ പരസ്യമായി അവഹേളിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൂലമ്മയില്‍ നിന്നും പ്രതികള്‍ മൂന്ന് പേരും ഒരു ലക്ഷം രൂപ വീതം കടം വാങ്ങിയിരുന്നു. ഇവര്‍ പണം തിരികെ നല്‍കാതിരുന്നതോടെ പൂലമ്മ പരസ്യമായി പ്രതികളെ ആക്ഷേപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി.

പരസ്യമായി അപമാനിക്കപ്പെട്ടതിലുള്ള വൈരാഗ്യത്തിലാണ് പ്രതികള്‍ പണമിടപാടുകാരിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. രാത്രി വീട്ടിലെത്തിയ പ്രതികള്‍ കമ്പിപ്പാര ഉപയോഗിച്ച് ഉറങ്ങിക്കിടന്നിരുന്ന പൂലമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona