ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ 16കാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതായി പരാതി. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഭയം കാരണം ആദ്യം സംഭവം മൂടിവെച്ച പെണ്‍കുട്ടി ചൊവ്വാഴ്ച വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. 

വീടിന് സമീപത്ത് വീട്ടുജോലിക്കാരിയായിരുന്നു പെണ്‍കുട്ടി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ മൂന്ന് പേര് തടഞ്ഞുനിര്‍ത്തി ബൈക്കില്‍ കയറാനാവശ്യപ്പെട്ടു. പെണ്‍കുട്ടി വിസ്സമ്മതിച്ചതോടെ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും ഇവര്‍ ചിത്രീകരിച്ചു. പരാതി ലഭിച്ചയുടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പ്രതികള്‍ 14നും 16നും ഇടയില്‍ പ്രായമുള്ളവരാണെന്നും പൊലീസ് അറിയിച്ചു.