Asianet News MalayalamAsianet News Malayalam

സ്കൂളില്‍ ഉച്ചഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കവേ പാത്രത്തിൽ വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

ചികിത്സയിലിരിക്കെ വൈകുന്നേരം 5 മണിയോടെ മരിച്ചു. 80 ശതമാനത്തിലധികം പൊള്ളലേറ്റതായി പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടർമാരിലൊരാൾ പറഞ്ഞു.

three year old girl died after falling container while cooking food for school children
Author
Mirzapur, First Published Feb 4, 2020, 10:05 AM IST

മിർസാപൂർ: സ്കൂൾ കുട്ടികൾക്കായി ഉച്ചഭക്ഷണം പാകം ചെയ്യുന്ന സമയത്ത് പാത്രത്തിൽ വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. മിർസാപൂരിലെ ലാൽഗഞ്ച് പ്രദേശത്തെ രാംപൂർ അറ്റാരി പ്രൈമറി സ്‌കൂളിലാണ് സംഭവം. സമീപത്തുണ്ടായിരുന്ന കെട്ടിട നിർമ്മാണ സാമ​​​ഗ്രികളിൽ തട്ടി കാലിടറി പെൺകുഞ്ഞ് പാത്രത്തിലേക്ക് വീഴുകയായിരുന്നു. സർക്കാർ പ്രൈമറി സ്കൂളിന്റെ ഭാ​ഗമായി പ്രവർത്തിക്കുന്ന അം​ഗൻവാടിയിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. 

അപകടം നടന്ന ഉടനെ തന്നെ അദ്ധ്യാപകരും പാചകക്കാരും ചേർന്ന് സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മിർസാപൂരിലെ ഡിവിഷണൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഡോക്ടർമാർ‌ നിർദ്ദേശിച്ചത്. ചികിത്സയിലിരിക്കെ വൈകുന്നേരം 5 മണിയോടെ മരിച്ചു. 80 ശതമാനത്തിലധികം പൊള്ളലേറ്റതായി പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടർമാരിലൊരാൾ പറഞ്ഞു. 

പാചകക്കാരുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ യാദവിനെ സസ്‌പെൻഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും മിർസാപൂർ ജില്ലാ മജിസ്‌ട്രേറ്റ് സുശീൽ പട്ടേൽ പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ കർശന നടപടിയെടുക്കും. ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


 

Follow Us:
Download App:
  • android
  • ios