തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് ചിട്ടിക്കമ്പിനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 44 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പുകാർ കവർന്നത് ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉണ്ടാക്കിയ ശേഷമെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് സംഘടിപ്പിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ജാർഖണ്ട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് അനുമാനം.

സമൂഹമാധ്യമങ്ങളിൽ നിന്ന് വിവരം ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന വിദഗധ സംഘമാണ് പണം തട്ടിയതിന് പിന്നിലെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ചിട്ടിക്കമ്പനി മാനേജരുടെ സിം കാർഡ് ബ്ലോക്ക് ചെയ്ത ശേഷം രേഖകൾ സമർപ്പിച്ച് ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് നേടി ഇത് ഉപയോഗിച്ച് ഒടിപി നമ്പർ അറി‍ഞ്ഞ ശേഷം പണം ട്രാൻസ്ഫർ ചെയ്തുവെന്നാണ് പൊലീസ് കരുതുന്നത്. ഇത്തരത്തിൽ രണ്ട് സിം കാർഡ് സംഘടിപ്പിച്ചു. കേരളത്തിലെ സിം കാർഡിന് ജാർഖണ്ടിൽ എങ്ങിനെയാണ് ഡൂപ്ലിക്കേറ്റ് സംഘടിപ്പിച്ചതെന്ന ചോദ്യമാണ് പൊലീസിനെ കുഴക്കുന്നത്. 

സിം നൽകിയ ടെലികോം ഓപ്പറേറ്ററെ ബന്ധപ്പെട്ടപ്പോൾ ജാർഖണ്ഡിലെ ഓഫീസുമായി ബന്ധപ്പെടാനാണ് കിട്ടിയ നിർദേശം. കൂടുതൽ വിവരങ്ങൾക്കായി ജാർഖണ്ഡിലേക്ക് പോകാനൊരുങ്ങുകയാണ് പൊലീസ്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സിം കാർഡ് നൽകിയതെങ്കിൽ മൊബൈൽ സേവന ദാതാവിനെതിരെയും കേസടുക്കേണ്ടി വരും. അതെല്ലെങ്കിൽ ചിട്ടിക്കമ്പിനിയുടെ വിവരങ്ങൾ ഹാക്ക് ചെയ്തതുമാകാം. ഇത് പരിശോധിക്കാൻ പൊലീസ് സ്ഥാപനത്തിലെത്തി പരിശോധന നടത്തി. 

ഡ്യൂപ്ലിക്കേറ്റ് സിം നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചാണോ എന്ന് പരിശശോധിക്കണമെന്നാവശ്യപ്പെട്ട് ചിട്ടിക്കമ്പിനി ടെലിക്കോം റെഗുലേറ്ററി അതോറിറ്റിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് 34 ലക്ഷം രൂപയും എസ്ബിഐയിൽ നിന്ന് 10 ലക്ഷം രൂപയുമാണ് ഒക്ടോബർ 30, 31 എന്നീ തീയതികളിൽ തട്ടിപ്പ് സംഘം കവർന്നത്.