ഭോപ്പാല്‍: പൊതുനിരത്തിൽ മലമൂത്ര വിസർജനം നടത്തിയെന്നാരോപിച്ച് മധ്യപ്രദേശിൽ പത്തും, പന്ത്രണ്ടും വയസ്സുള്ള ദളിത് കുട്ടികളെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ജാതി വിവേചനമാണ് കൊലപാതകത്തിന് കാരണമെന്ന് കുട്ടികളുടെ അച്ഛൻ ആരോപിച്ചു.

മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. പത്ത് വയസ്സുള്ള അവിനാഷ് ബാല്‍മീകി, സഹോദരി പന്ത്രണ്ട് വയസ്സുള്ള റോഷ്നി ബാല്‍മീകി എന്നിവരെയാണ് രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മർദ്ദിച്ചത്. മുത്തശ്ശനെയും മുത്തശ്ശിയെയും കാണാനായി പുറപ്പെട്ട കുട്ടികളെ ഗ്രാമത്തിലെ പഞ്ചായത്ത് കെട്ടിടത്തിന് സമീപം വിസര്‍ജിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. 

മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഹക്കിം യാദവ്, സഹോദരന്‍ രാമേശ്വര്‍ യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തില്‍ ജാതിവിവേചനം ശക്തമാണെന്നും പൊതുടാപ്പില്‍ നിന്ന് മറ്റുള്ളവര്‍ വെള്ളമെടുത്തതിന് ശേഷം മാത്രമെ ദലിത് വിഭാഗക്കാര്‍ക്ക് അവസരം ലഭിക്കുകയുള്ളൂ എന്നും കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛന്‍ മനോജ് ബാല്‍മീകി പറഞ്ഞു. 

ജാതീയമായി അധിക്ഷേപിച്ചതിന് രണ്ടുവര്‍ഷം മുമ്പ് പ്രതികളുമായി വാക്കേറ്റമുണ്ടായതായും തന്നെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും ബാല്‍മീകി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.