കുട്ടനെല്ലൂര്‍: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ ബോർഡ് സ്ഥാപിച്ച കാറിൽ വന്ന് പച്ചക്കറി വണ്ടിയിലെ 96 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. തൃശ്ശൂർ സ്വദേശി പ്രദീപ്, കായംകുളം സ്വദേശി അമൽകേശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കോയന്പത്തൂരിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന വാഹനത്തിലെ പണമാണ് കവർന്നത്. മാർച്ച് 22 ന് കുട്ടനെല്ലൂരിൽ വച്ചായിരുന്നു സംഭവം. ലോറിയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യണമെന്നും പറഞ്ഞ് ലോറി ഡ്രൈവറേയും സഹായിയേയും ഇന്നോവ കാറിൽ പിടിച്ചു കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് ഇവരെ വഴിയിൽ ഉപേക്ഷിച്ചു. 

തിരിച്ചെത്തി ലോറി പരിശോധിച്ചപ്പോഴാണ് പമം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ പൊലീസിനെ സമീപിക്കുകയായിരുന്നു. മൂവാറ്റുപുഴയിലെ പച്ചക്കറി കടയിൽ ജോലി ചെയ്യുന്ന പ്രദീപിന് കോയന്പത്തൂരിൽ നിന്നും ചില ദിവസങ്ങളിൽ പണം ലോറിയിൽ എത്താറുണ്ടെന്ന് അറിയാമായിരുന്നു. ഇയാൾക്ക് കിട്ടിയ വിവരമനുസരിച്ചാണ് പണം തട്ടാൻ പദ്ധതിയിട്ടത്. 

വരുന്നത് കള്ളപ്പണമാണെങ്കിൽ കേസ് ഉണ്ടാവില്ലെന്നും ഇവർ കണക്കുകൂട്ടി. എന്നാൽ വാഹന ഉടമ പരാതിപ്പെട്ടതോടെ വിവരം പുറത്തറിയുകയായിരുന്നു. സ്ർണ്ണം വിറ്റ പണമാണെന്നാണ് വാഹന ഉടമ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.അറസ്റ്റിലായ അമൽകേഷിന്റെ പേരിൽ ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. കവർച്ചാ സംഘം സഞ്ചരിച്ച കാർ കണ്ടെടുത്തിട്ടുണ്ട്. കേസിൽ നഷ്ടപ്പെട്ട പണം ഇനിയും കണ്ടെത്താനായിട്ടില്ല.