മധ്യവയസ്‌കന്‍ വെടിയേറ്റ് മരിച്ച സംഭവം; ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ് പ്രതി, ഒടുവില്‍ കീഴടങ്ങല്‍
നാട്ടുകാരും പ്രതിക്കായി തിരച്ചില്‍ തുടങ്ങിയതോടെ വെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞ പ്രസാദ് ഗത്യന്തരമില്ലാതെ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ഹരിപ്പാട്: പള്ളിപ്പാട് മധ്യവയസ്‌കന്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരങ്ങളായ രണ്ട് പേര്‍ പിടിയില്‍. പള്ളിപ്പാട് വില്ലേജില്‍ നീണ്ടൂര്‍ മുറിയില്‍ ദ്വാരക വീട്ടില്‍ കൊച്ചുകുഞ്ഞു മകന്‍ പ്രസാദ് (52), സഹോദരന്‍ കുറവന്ദര വീട്ടില്‍ ഹരിദാസ് (46) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പള്ളിപ്പാട് നീണ്ടൂര്‍മുറിയില്‍ ശ്രീഹരിയില്‍ സോമനെ(55)യാണ് വെടിവച്ച് കൊലപ്പെടുത്തിയത്. തിരുവോണ ദിവസം വൈകുന്നേരമാണ് സംഭവം.
അയല്‍ക്കാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് വിരമിച്ച പട്ടാളക്കാരന്‍ കൂടിയായ പ്രസാദ് തന്റെ ഡബിള്‍ ബാരല്‍ തോക്ക് ഉപയോഗിച്ച് സോമന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സോമനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. സംഭവശേഷം തോക്കുമായി പ്രതി പോകുന്ന സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
രാത്രി 12 മണിയോടെ തൃപ്പകുടം ഭാഗത്ത് വച്ച് പൊലീസിനെ കണ്ട് ഓടിയ പ്രതികള്‍ തൊട്ടടുത്തുള്ള വലിയ കാവു പോലുള്ള പ്രദേശത്ത് കയറി ഒളിച്ചു. പൊലീസ് പ്രദേശം വളയുകയും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുകയും ചെയ്തു. തിരച്ചിലില്‍ ഹരിദാസിനെ പിടികൂടിയെങ്കിലും പ്രസാദിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രസാദ് പ്രദേശത്ത് തന്നെ ഉണ്ടെന്ന് ഉറപ്പിച്ച ഹരിപ്പാട് സി.ഐ ശ്യാംകുമാര്‍ വി.എസിന്റെയും, വിയപുരം സി.ഐ മനുവിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങള്‍ അന്വേഷണം ഊര്‍ജിതമാക്കി. ഡ്രോണ്‍ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ പ്രതിയുടെ ചിത്രം പ്രചരിപ്പിച്ച് പ്രതിക്ക് രക്ഷപെടാനുള്ള പഴുതകളും അടിച്ചു. സമീപത്തെ വീടുകളില്‍ പ്രതിയുടെ ഫോട്ടോ കാണിച്ച് അപരിചിതര്‍ ആരെങ്കിലും എത്തിയാല്‍ അറിയിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി. നാട്ടുകാരും പ്രതിക്കായി തിരച്ചില്‍ തുടങ്ങിയതോടെ വെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞ പ്രസാദ് ഗത്യന്തരമില്ലാതെ കാട്ടിൽ നിന്ന് പുറത്തു ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിയിലായപ്പോള്‍ പ്രസാദ് അവശനിലയില്‍ ആയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ഡബിള്‍ ബാരല്‍ തോക്കും പൊലീസ് കണ്ടെടുത്തു.
പ്രസാദിന്റെയും സോമന്റെയും കുടുംബങ്ങള്‍ തമ്മില്‍ നടന്ന വഴക്കിനെ തുടര്‍ന്ന് 15 വര്‍ഷം മുന്‍പ് ഒരു കൊലപാതകം നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയായുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഹരിദാസും സോമനുമായി നടന്ന വഴക്ക് രൂക്ഷമാകുകയും കണ്ട പ്രസാദ് സോമനെ വെടി വെയ്ക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടി വെയ്ക്കാന്‍ ഉപയോഗിച്ച തോക്കിനു ലൈസന്‍സ് ഉണ്ടോ എന്ന് അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു.
കൊല്ലത്ത് പെട്രോൾ പമ്പിൽ കാറിലെത്തിയവർ തമ്മിൽതല്ലി, യുവാവിനെ കൊലപ്പെടുത്തി; അക്രമികളെ നാട്ടുകാർ പിടികൂടി