Asianet News MalayalamAsianet News Malayalam

ബിവറേജ് പൂട്ടാത്തതില്‍ പ്രതിഷേധിച്ചയാള്‍ വിദേശ മദ്യവുമായി പിടിയില്‍

പകര്‍ച്ചവ്യാധി നിയമത്തിലെ വകുപ്പുകള്‍ കൂടിച്ചേര്‍ത്താണ് കേസ് എടുത്തതെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

two arrested with illegal liquor from thiruvalla
Author
Thiruvalla, First Published Apr 4, 2020, 7:59 PM IST

തിരുവല്ല: കൊവിഡ് 19 ന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ ബിവറേജ് ഔട്ട് ലെറ്റുകള്‍ പൂട്ടാതിരുന്നതില്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്ന ബിജെപി നേതാവ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി അറസ്റ്റില്‍. ഇരവിപേരൂരിലെ ബിജെപി പ്രാദേശിക നേതാവ് കൂടിയായ കിഴക്കനോതറ വേട്ടക്കുന്നേല്‍ വീട്ടില്‍ സുനില്‍ (37), ഒപ്പം ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ പുത്തന്‍കാവ് കൊച്ചുപ്ലാമോടിയില്‍ ഗോപു (21),  എന്നിവരെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്.

പ്രതികളെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അനധികൃതമായി നാല് ലിറ്റര്‍ മദ്യമാണ് സുനിലിന്റെയും സുഹൃത്തിന്റെയും കൈവശം ഉണ്ടായിരുന്നത്. ഇന്നലെ രാത്രി ഒമ്പതരയോടെ ഓതറ വാടിക്കുളത്ത് നിന്ന് ഒരു കാറും ഒരു ബൈക്കും ഉള്‍പ്പെടെയാണ് തിരുവല്ല സിഐ വിനോദ് പിഎസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. 

പകര്‍ച്ചവ്യാധി നിയമത്തിലെ വകുപ്പുകള്‍ കൂടിച്ചേര്‍ത്താണ് കേസ് എടുത്തതെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ബിവറേജ് ഔട്ട് ലെറ്റുകള്‍ പൂട്ടാത്തതില്‍ വിമര്‍ശനം ഉന്നയിച്ച നേതാവാണ് സുനില്‍.

അതേസമയം, പത്തനംത്തിട്ട ജില്ലയില്‍ ലോക്ഡൗണ്‍ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിലായി 610 കേസുകളില്‍ 620 പേരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച 371 ഉം ശനിയാഴ്ച 239 ഉം കേസുകളാണ് എടുത്തത്.  512 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമലംഘനങ്ങള്‍ തടയുന്നതിന് തുടര്‍ന്നും ജില്ലയില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios