പൂനെ: പൂന്നെയിലെ ഭോസാരിയില്‍ 25 വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു കുടുംബത്തിലെ രണ്ട് പേര്‍ പിടിയില്‍. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്. ഭോസാരിയിലെ ചക്രപാണി വാസഹാത്തിലെ ദേവ്കർ വസ്തി പ്രദേശത്തെ മധുബൻ കോളനിയിലെ രാജുശങ്കർ പവാർ (25) ആണ് കൊല്ലപ്പെട്ടത്.

കൊലപാതകവുമായി ബന്ധപ്പെട്ട് രാംദാസ് അന്ന ഗെയ്ക്വാഡ് (25), സോനബായ് അന്ന ഗെയ്ക്വാഡ് (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവാവിന്‍റെ ഇളയ സഹോദരന്‍ പ്രതികളിലൊരാളുടെ കുടുംബത്തിലെ കുട്ടികളുമായുണ്ടായ വഴക്കിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിനിടെ പ്രതികള്‍ രാജു ശങ്കറിന്‍റെ തലയ്ക്കും നെഞ്ചിനും അടിച്ച് പരിക്കേല്‍ക്കിപ്പിക്കുകയായിരുന്നു. 

ഗുരുതരമായ പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെട്ടു. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.