കോഴിക്കോട്: പന്തീരാങ്കാവിൽ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്ത കേസിൽ പിടിയിലായ സിപിഎം പ്രവർത്തകർക്ക് എതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പൊലീസ്. അറസ്റ്റിലായവർ സിപിഐ മാവോയിസ്റ്റ് പ്രവർത്തകരെന്ന് പൊലീസ് വ്യക്തമാക്കി.

പിടിയിലായ താഹയും അലനും മാവോയിസ്റ്റ് പ്രതിഷേധ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇത് വ്യക്തമാക്കുന്ന മിനുട്‌സുകൾ ലഭിച്ചെന്നും പൊലീസ് പറഞ്ഞു. വയനാട്ടിലും പാലക്കാടും എറണാകുളത്തുമാണ് ഇവർ പങ്കെടുത്ത യോഗങ്ങൾ നടന്നത്. 

സായുധ  പോരാട്ടം നടത്തേണ്ടത് എങ്ങനെയെന്നുള്ള പുസ്തകങ്ങൾ ഇരുവരുടെയും പക്കൽ നിന്നും ലഭിച്ചു. യുഎപിഎ കേസിൽ നേരത്തെ ഉൾപ്പെട്ടവരോടൊത്തുള്ള ചിത്രങ്ങളും ഇവരുടെ പക്കൽ നിന്ന് ലഭിച്ചു. ഇതിന് പുറമെ പ്രതികൾ ആശയവിനിമയത്തിന് കോഡ് ഭാഷ ഉപയോഗിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

മാവോയിസ്റ്റ് അംഗങ്ങളുമായുള്ള ആശയവിനിമയം കോഡ് ഭാഷ ഉപയോഗിച്ചാണെന്നും ഈ കോഡുഭാഷയിലുള്ള നോട്ട് ബുക്കുകൾ താഹയുടെ വീട്ടിൽ നിന്നും കിട്ടിയെന്നും പൊലീസ് പറഞ്ഞു. ഈ നോട്ടുപുസ്തകം വായിക്കാൻ വിദഗ്ധരുടെ സാഹായം തേടിയെന്ന് പൊലീസ് വ്യക്തമാക്കി. 

സംഭവത്തിൽ മൂന്നാമനെ പിടികൂടാൻ സിസിടിവി പരിശോധിക്കുന്നതായും മൂന്ന് പേരും ഒരേ ബൈക്കിലാണ് സഞ്ചരിച്ചതെന്നും പൊലീസ് പറഞ്ഞു.