ഉദയംപേരൂരിലെ വാടക വീട്ടിൽ നിന്ന് മാർച്ച് ഇരുപത്തിയെട്ടിന് ഒരു ലക്ഷത്തി എൺപതിനായിരം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. കള്ളനോട്ടിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് കോയന്പത്തൂരിലെ കള്ളനോട്ട് സംഘത്തെ കണ്ടെത്താനായത്. 

കൊച്ചി: ഉദയംപേരൂർ കള്ളനോട്ട് കേസിൽ വഴിത്തിരിവ്. ഒരു കോടി എൺപതു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി പ്രധാന കണ്ണികൾ കോയന്പത്തൂരിൽ പിടിയിലായി. കേരളത്തിൽ കള്ളനോട്ടെത്തിച്ച മൂന്നംഗ സംഘമാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡും ഉദയംപേരൂർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത റെയ്ഡിൽ കസ്റ്റഡിയിലായത്. പ്രതികളെ വൈകിട്ട് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

ഉദയംപേരൂരിലെ വാടക വീട്ടിൽ നിന്ന് മാർച്ച് ഇരുപത്തിയെട്ടിന് ഒരു ലക്ഷത്തി എൺപതിനായിരം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. കള്ളനോട്ടിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് കോയന്പത്തൂരിലെ കള്ളനോട്ട് സംഘത്തെ കണ്ടെത്താനായത്. തൃശൂർ സ്വദേശി റഷീദ്, കോയന്പത്തൂർ സ്വദേശികളായ സയീദ് സുൽത്താൻ, അഷ്റഫ് അലി എന്നിവരാണ് പിടിയിലായത്. രണ്ടായിരം നോട്ടിന്‍റെ 46 കെട്ടുകളിലായി ഒരു കോടി എൺപതു ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഇവരിൽ നിന്ന് പിടികൂടാനായത്. 

എ.ടി.എസ് ഡി.ഐ.ജി അനൂപ് കുരുവിളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉദയംപേരൂരിലെ വാടക വീട്ടിൽ താമസിച്ചിരുന്ന ചലച്ചിത്ര സഹസംവിധായകൻ പ്രിയൻ കുമാർ, കരുനാഗപ്പള്ളിയിലെ ഇയാളുടെ ബന്ധു വാസുദേവൻ, വാസുദേവന്റെ ഭാര്യ ധന്യ, ഇടനിലക്കാരൻ വിനോദ് എന്നിവരാണ് കള്ളനോട്ട് കേസിൽ ആദ്യം പിടിയിലായത്. കോയന്പത്തൂരിൽ നിന്നാണ് പ്രിയൻകുമാറിന് കള്ളനോട്ട് ലഭിച്ചത്. ഒന്നര ലക്ഷം രൂപയ്ക്കുള്ള 500 ന്റെ നോട്ടുകൾ നൽകി രണ്ടര ലക്ഷം രൂപയുടെ 2000 ന്റെ കള്ളനോട്ടുകൾ വാങ്ങുകയായിരുന്നു. 

ഇവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കള്ളനോട്ട് സംഘത്തിലെ പ്രധാന കണ്ണികളെ കോയന്പത്തൂരിൽ വെച്ച് പിടികൂടാനായത്. തെരഞ്ഞെടുപ്പ് സംഭാവനയായി രാഷ്ടീയ പാർട്ടികൾക്കും വിവാഹങ്ങൾക്ക് സമ്മാനമായും രണ്ടായിരത്തിന്റെ കള്ളനോട്ടുകൾ സംഘം നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. തീവ്രവാദ ബന്ധം ഉണ്ടോയെന്ന് കണ്ടെത്താൻ എൻഎഐഎ ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം തുടങ്ങി.

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'