പൂനെ: രാജ്യത്തിന് നാണക്കേടായി വീണ്ടും ഞെട്ടിപ്പിക്കുന്ന പീഡന വാര്‍ത്ത. പൂനെയിലെ കൊരേഗാവ് പാർക്ക് മേഖലയില്‍ ഉഗാണ്ടന്‍ യുവതിയെ ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന കൂട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തു. കൊരേഗാവ് പാർക്ക് മേഖലയിലെ റസ്റ്ററന്റിനു മുന്നിൽ നിന്നാണ് 28കാരിയായ ഉഗാണ്ടന്‍ യുവതിയെ അർധരാത്രി ലിഫ്റ്റ് കൊടുത്ത് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി   ബൈക്കുകാരനും കൂട്ടാളിയും ചേർന്ന് ബലാത്സംഗം ചെയ്തത്.

യുവതി താമസ സ്ഥലത്തേക്ക് പോകാനായി ഹോട്ടലിന് പുറത്ത് നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് ലിഫ്റ്റ് നല്‍കാമെന്ന് പറയുകയായിരുന്നു. യുവതി ബൈക്കില്‍ കയറിയതോടെ യുവാവ് തന്‍റെ സുഹൃത്തിനെയും പിറകില്‍ കയറ്റി. താന്‍ താമസിക്കുന്നിടത്തേക്ക് പോകുന്നതിനു പകരം വഴിതെറ്റിച്ചു കൊണ്ടുപോകുകയാണെന്ന് മൊബൈൽ ലൊക്കേഷനിലൂടെ യുവതി മനസ്സിലാക്കി. ഇതോടെ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇടയ്ക്കു ബൈക്കിൽ കയറിയ രണ്ടാമനും ഓടിച്ചയാളും ചേർന്ന് യുവതിയെ ബൈക്കില്‍ പിടിച്ചിരുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു.

പീഡിപ്പതിന് ശേഷം യുവതിയെ വിജനമായ സ്ഥലത്ത്  ഉപേക്ഷിച്ചു പോകാനൊരുങ്ങിയ യുവാക്കളോട് മെയിൻ റോഡിലെങ്കിലും എത്തിക്കാൻ യുവതി ആവശ്യപ്പെട്ടു. അതു സമ്മതിച്ച പ്രതികൾ യുവതിയെ മെയിൻ റോഡിലേക്ക് കൊണ്ടുപോയി. ബൈക്കില്‍ പോകവെ ഒരു സംഘം യുവാക്കളെ കണ്ട് യുവതി നിലവിളിച്ചു. അവർ ഓടിയടുത്തപ്പോഴേക്കും പ്രതികൾ യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഉഗാണ്ടന്‍ യുവതിയിടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.