ലഖ്‌നൗ: ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് കാലില്‍ വെടിവെച്ച് പിടികൂടി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. പൊലീസുകാരുടെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു. ദല്‍പത് എന്ന യുവാവാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെയാണ് ദല്‍പതിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആഴ്ചയാണ് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോകവേ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് കാലിന് വെടിവെച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന് ഒരാഴ്ച്ചക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. പ്രതിയുടെ രേഖാചിത്രവും വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു.ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് പൊലീസ് അന്വേഷണം വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചു. ജീവനൊടുക്കുകയാണെന്നും പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെടാന്‍ ആഗ്രഹമില്ലെന്നുമാണ് പ്രതി കത്തില്‍ എഴുതിയത്. 

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറുവയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പിറ്റേ ദിവസം രക്തത്തില്‍ കുളിച്ച് അബോധവസ്ഥയിലായ നിലയില്‍ വീട്ടില്‍ നിന്ന് അകലെയുള്ള കുറ്റിക്കാട്ടില്‍ കുട്ടിയെ കണ്ടെത്തി. മീററ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.