ആലപ്പുഴ: തന്‍റെ മനഃസ്സാക്ഷിസൂക്ഷിപ്പുകാരന്‍റെ മരണം ചൂണ്ടിക്കാട്ടി വെള്ളാപ്പളളി നടേശനെതിരെ പ്രതിഷേധം കടുക്കുമ്പോള്‍ വെള്ളാപ്പള്ളിയും കുടുംബവും പ്രതിരോധത്തിലാണ്. കോടികളുടെ മൈക്രോഫിനാന്‍സ് ഇടപാടുകളിലെ ദുരൂഹതകള്‍ക്കൊപ്പം 18 വര്‍ഷം മുന്‍പുള്ള ശാശ്വതീകാനന്ദയുടെ മരണം വരെ സിബിഐ അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നു കഴിഞ്ഞു. വിമതവിഭാഗത്തിനെ പഴി ചാരി വിഷയം ലഘൂകരിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തിനെതിരെ എസ്എന്‍ഡിപി നേതൃത്വത്തിലെ പല പ്രമുഖരും അതൃപ്തിയിലാണ്.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 27 കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ വെള്ളാപ്പള്ളി നടേശനൊപ്പം 7 കേസുകളില്‍ ബുധനാഴ്ച ആത്മഹത്യ ചെയ്ത കെ കെ മഹേശന്‍ പ്രതിയായിരുന്നു. വെള്ളാപ്പള്ളിയുടെ വലംകയ്യും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മഹേശന് മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലെ എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. 

കേസുകള്‍ മഹേശന്‍റെ തലയില്‍ കെട്ടിവക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നവരുടെ ആരോപണം. ആത്മഹത്യാ കുറിപ്പില്‍ മഹേശന്‍ എല്ലാം വ്യക്തമായി എഴുതിയിട്ടുണ്ട്. വിവിധ കാലങ്ങളിലായി വെള്ളാപ്പള്ളിക്കെതിരെ കലാപമുണ്ടാക്കി പുറത്ത് പോയവരെല്ലാം പ്രതിഷേധവുമായി രംഗത്താണ്. എസ്എന്‍ഡിപി സംരക്ഷണ സമിതി, ശ്രീനാരായണ ധര്‍മവേദി എന്നിവരെല്ലാം പ്രത്യക്ഷ സമരം തുടങ്ങിയിട്ടുണ്ട്. കൊല്ലത്ത് നടത്തിയ പ്രതിഷേധത്തിനിടെ ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് അദ്ദേഹത്തിന്‍റെ സഹോദരി ആവശ്യപ്പെടുകയും ചെയ്തു.

''വെള്ളാപ്പള്ളിയെ ഈ ട്രസ്റ്റിന്‍റെ താക്കോൽ സ്ഥാനത്ത് കൊണ്ടിരുത്തിയത് ശാശ്വതീകാനന്ദസ്വാമികളാണ് എന്ന് അദ്ദേഹം പല സ്ഥലത്തും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നിട്ട് അദ്ദേഹത്തിന് ഇങ്ങനെ ഒരു ദാരുണമരണം സംഭവിച്ചിട്ട്, ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് ഇദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞോ? ഒരു പ്രതിഷേധം പോലും നടത്തിയതായി എനിക്ക് അറിവില്ല. ജൂലൈ 1 ആകുമ്പോൾ ശാശ്വതീകാനന്ദസ്വാമികൾ മരിച്ചിട്ട് 18 വർഷമാകുകയാണ്. 18 വർഷമായിട്ട് ഇതിൽ ഒരു പുരോഗതിയുമില്ല. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണം. ഉയർന്ന ഏജൻസി തന്നെ അന്വേഷിക്കണം. ഇത് വെറുതെ വിടാൻ ഉദ്ദേശമില്ല. പിന്നാലെ വിടാതെ പിന്തുടരാൻ തന്നെയാണ് തീരുമാനം'', എന്ന് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത പറയുന്നു.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഇതിനകം പ്രതിരോധത്തിലായി നില്‍ക്കുന്ന വെള്ളാപ്പള്ളിക്ക് ഇതേ വിഷയം പരാമര്‍ശിച്ചുള്ള മഹേശന്‍റെ ആത്മഹത്യാ കുറിപ്പും മരണവും വലിയ തിരിച്ചടിയാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വെള്ളാപ്പള്ളിയുടെ അടുപ്പക്കാരില്‍ പലരും വിശ്വസിക്കുകയും ചെയ്യുന്നു. വെള്ളാപ്പള്ളിക്കെതിരെ കരുനീക്കം ശക്തമാകുമ്പോള്‍ അദ്ദേഹത്തെ പ്രതിരോധിക്കാന്‍ പ്രമുഖരാരും രംഗത്തില്ലെന്നതും, വെള്ളാപ്പളളി തന്നെ ഉന്നയിക്കുന്നത് ദുര്‍ബല വാദങ്ങളാണെന്നതും ശ്രദ്ധേയമാണ്.

എന്നാൽ, തനിക്ക് മഹേശനോട് ശത്രുതാമനോഭാവം ഉണ്ടെന്ന് കത്തിൽ എഴുതിയത് സമനില തെറ്റിയ അവസ്ഥയിലാണെന്നാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം. മരണത്തിന്‍റെ ഉത്തരവാദിത്വം എതിർചേരിക്ക് മേൽ ചാരുന്ന വെള്ളാപ്പള്ളി സിബിഐ അന്വേഷണവും ആവശ്യപ്പെടുന്നു. അതേസമയം, കത്തിലെ ആരോപണങ്ങളെല്ലാം ശരിയാണെന്നും ആത്മഹത്യ കൊലപാതകത്തിന് സമാനമെന്നുമാണ് മഹേശന്‍റെ കുടുംബം ആരോപിക്കുന്നത്.

ക്രൈംബ്രാഞ്ച് എഡിജിപിക്ക് മഹേശൻ നൽകിയ കത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ ആരോപണങ്ങളുള്ളത്. എന്നാൽ എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇന്നലെ ചർച്ചയ്ക്ക് എത്താമെന്ന് മഹേശൻ അറിയിച്ചതാണ്, ഇതിനിടയിലാണ് മരണമെന്നും, വെള്ളാപ്പള്ളി പറയുന്നു. എസ്എൻഡിപിയെ തർക്കാൻ ശ്രമിക്കുന്നവരുടെ കുപ്രചരണങ്ങളാണ് മഹേശന്‍റെ മരണത്തിലേക്ക് നയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മൈക്രോഫിനാൻസ് കേസ് അടക്കമുള്ള പ്രശ്നങ്ങൾ വിശദമാക്കി മഹേശൻ തനിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത് പുറത്ത്‍ വിടില്ലെന്നും വെള്ളാപ്പള്ളി പറയുന്നു.

വെള്ളാപ്പള്ളിയുടെ വാർത്താസമ്മേളനം തത്സമയം: