ആഗ്ര: ഭര്‍ത്താവ് അമിതമായി പിശുക്കി സമ്പാദിക്കുന്നതില്‍ അതൃപ്തയായ ഭാര്യ ക്വട്ടേഷനിലൂടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ആഗ്രയിലെ ബാഹ് എന്ന സ്ഥലത്താണ് സംഭവം. സംഭവത്തില്‍ ഭാര്യയും കാമുകനുമടക്കം അഞ്ച് പേര്‍ അറസ്റ്റിലായി. സത്യപാല്‍ (34) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ച് 30നാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി സത്യപാലിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സത്യപാലിന്‍റെ മൃതദേഹം സുന്‍സര്‍ വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. അന്വേഷണത്തില്‍ സത്യപാലിന്‍റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യ സര്‍വേശ്(29) ആണ് പ്രവര്‍ത്തിച്ചതെന്ന് തെളിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ഒമ്പത് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ദാമ്പത്യത്തില്‍ രണ്ട് മക്കളുമുണ്ട്. ഭര്‍ത്താവിന്‍റെ അമിതമായ പിശുക്കില്‍ ഭാര്യ അസംതൃപ്തയായിരുന്നു. അയല്‍വാസിയായ വിജയ് എന്ന യുവാവില്‍നിന്ന് ഫോണും മറ്റ് ഇലക്ടട്രോണിക് വസ്തുക്കളും ഭാര്യ കടം വാങ്ങി. ഈ ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. പിശുക്കനായ ഭര്‍ത്താവുമൊത്തുള്ള ജീവിതം അസഹനീയമാണെന്ന് പറഞ്ഞ യുവതി, ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകന്‍റെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ആഭരണങ്ങളും 10000 രൂപയും കാമുകന് നല്‍കി ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി. മൂന്ന് പേരെ കൂടെ കൂട്ടി വിജയ് സത്യപാലിനെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ കുഴിച്ചിട്ടു.

സര്‍വേശിനെയും വിജയിയെയും കൂടാതെ ശിവ്രഥ്, വിപിന്‍, ഛത്രപാല്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍.