Asianet News MalayalamAsianet News Malayalam

ഭാര്യയുടെ ആത്മഹത്യയിൽ നടൻ ഉണ്ണി രാജൻ പി ദേവിന്റെ കുറ്റസമ്മതം; പ്രതി 14 ദിവസത്തേക്ക് റിമാൻഡിൽ

സ്ത്രീധനത്തെ ചൊല്ലി ഉണ്ണി  ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. 

wife commits suicide unni rajan p dev has been remanded for 14 days
Author
Thiruvananthapuram, First Published May 26, 2021, 12:12 PM IST

തിരുവനന്തപുരം: ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഉണ്ണി രാജൻ പി  ദേവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.  പലതവണ സ്ത്രീധനത്തിന്‍റെ പേരിൽ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിരുന്നതായി പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള പ്രിയങ്കയുടെ ഫോൺ രേഖകൾ സംബന്ധിച്ചും പൊലീസ് അന്വേഷണം തുടങ്ങി.

അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ നിന്ന് അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട്ടെത്തിച്ച പൊലീസ് വിശദമായ ചോദ്യം ചെയ്യലാണ് നടത്തിയത്. ഈ ഘട്ടത്തിലാണ് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചത്. ഏറ്റവും ഒടുവിലായി മെയ് പതിനൊന്നിന് പ്രിയങ്കയും തന്‍റെ അമ്മ ശാന്തമ്മയുമായാണ് ആദ്യം വാക്ക് തർക്കമുണ്ടായത്. താൻ ഇതിൽ ഇടപെട്ടു, പ്രിയങ്കയെ മർദ്ദിച്ചു. ഈ സാഹചര്യത്തിലായിരുന്നു പ്രിയങ്ക സഹോദരനൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയത് എന്നും ഉണ്ണി പൊലീസിനോട് പറഞ്ഞു.

മർദ്ദിക്കുന്ന ദൃശ്യം നേരത്തെ തന്നെ പ്രിയങ്കയുടെ വീട്ടുകാർ പരാതിക്കൊപ്പം പൊലീസിന് മുന്നിൽ ഹാജരാക്കിയിരുന്നു. ഇതിൽ സംഭവിച്ചതെല്ലാം ഉണ്ണി പൊലീസിനോട് സമ്മതിച്ചു. നേരത്തെയും സ്ത്രീധനത്തിന്‍റെ പേരിൽ പല തവണ പ്രിയങ്കയെ മാനസികമായും,ശാരീരികമായും ഉപദ്രവിച്ചിരുന്നതായും പ്രതി ചോദ്യം ചെയ്യലിൽ പൊലീസിന് മൊഴി നൽകി. അങ്കമാലിയിലെ വീട്ടിൽ നിന്ന് പന്ത്രണ്ടാം തീയതി വെമ്പായത്തെ വീട്ടിലെത്തിയ പ്രിയങ്ക ചില ഫോൺ കോളുകൾ വന്നതിന് ശേഷം അസ്വസ്ഥയായിരുന്നുവെന്ന് വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് പതിമൂന്നാം തിയതിയാണ് ആത്മഹത്യ ചെയ്തത്. ഇക്കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

നിലവിൽ ഗാർഹിക പീഡനം,ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ വകുപ്പുകൾ തന്നെ ഉണ്ണിയുടെ അമ്മ ശാന്തമ്മക്കെതിരെയും പൊലീസ് ചുമത്തിയിട്ടുണ്ട്. എന്നാൽ അവർ ഇപ്പോഴും കൊവിഡ് പൊസിറ്റിവായി കറുകുറ്റിയിലെ വീട്ടിൽ ചികിത്സയിലാണ്. വരുന്ന ആഴ്ചയോടെ മാത്രമെ അവരുടെ ക്വാറന്‍റൈൻ പൂർത്തിയാകൂ. തുടർന്ന് ഇവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നെടുമങ്ങാട് കോടതിയിൽ നിന്ന് റിമാൻഡിലായ ഉണ്ണി പി രാജൻ ദേവിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios