എടക്കര: മലപ്പുറം ജില്ലയിലെ എടക്കരയില്‍ വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ വീട്ടുടമയായ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. എടക്കര തമ്പുരാൻകുന്ന് സരോവരം വീട്ടില്‍ ബിൻസ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കൽ ശമീർ (21), ചുള്ളിയോട് പറമ്പിൽ മുഹമ്മദ് ഷാൻ (24) എന്നിവരെയാണ് എടക്കര പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തത്. മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാൻ കഴിഞ്ഞ ജനുവരി 20നാണ് യുവതി എത്തിയത്. 

പ്രതിമാസം 8000 രൂപ ശമ്പളം നൽകാമെന്ന വ്യവസ്ഥയിലായിരുന്നു ജോലി. എന്നാൽ, ബിൻസ വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ വാതിൽ പുറമെ നിന്ന് പൂട്ടുകയായിരുന്നു പതിവ്. ഇതിനകം തന്നെ വീട്ടിലെത്തുന്ന പലർക്കും യുവതിയെ കാഴ്ചവെച്ചു. എറണാകുളത്തെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയും പലർക്കും യുവതിയെ കാഴ്ചവെച്ചു. സഹോദരന്റെ കുട്ടിയുടെ ജന്മദിനം പ്രമാണിച്ച് വീട്ടിലെത്തിയപ്പോഴാണ് യുവതി പീഡനത്തിനിരയായ വിവരം അറിയിച്ചതും തുടർന്ന് പൊലീസിൽ പരാതി നൽകിയതും. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.