കൊൽക്കത്ത: തെക്കൻ കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന അറുപത് വയസ്സുള്ള വൃദ്ധയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതായി പൊലീസ്. തല വെട്ടിമാറ്റി, അടിവയർ പിളർന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്ന് പൊലീസ് പറയുന്നു. മക്കളോടൊപ്പം താമസിക്കാൻ എത്തിയ ഊർമ്മിള കുമാരിയാണ് ദാരുണമരണത്തിന് ഇരയായത്. സംഭവം നടക്കുമ്പോൾ വിവാഹത്തിൽ സംബന്ധിക്കാൻ മക്കൾ പുറത്തുപോയിരിക്കുകയായിരുന്നു. 

രണ്ട് ദിവസമായി ഇവർ വീട്ടിൽ തനിച്ചായിരുന്നു. മോഷണത്തിനായി കയറിയപ്പോൾ നടത്തിയ കൊലപാതകമാണിതെന്ന് സംശയമുണ്ട്. മക്കളെ അറിയിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഊർമ്മിളാ കുമാരി ധരിച്ചിരുന്ന ആഭരണങ്ങളിൽ മോഷ്ടാക്കൾ തൊട്ടിട്ടില്ലെന്നും എന്നാൽ മുറികളിലെ രണ്ട് വാർഡ്റോബുകൾ കുത്തിത്തുറന്നിട്ടുണ്ടെന്നും ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസ് മുരളീധർശർമ്മ പറയുന്നു. തല മുറിച്ചു മാറ്റിയ ക്രൂരതയ്ക്കൊപ്പം മോഷ്ടാക്കൾ ഇവരുടെ അടിവയർ വെട്ടിപ്പിളർന്നിട്ടുണ്ട്. വീട്ടിനുള്ളിൽ നിന്നും വില പിടിച്ച വസ്തുക്കൾ മോഷണം പോയിട്ടുണ്ടോ എന്ന കാര്യത്തിൽ തീർച്ചയില്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് കൂട്ടിച്ചേർക്കുന്നു.