യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സഹോദരി ഭർത്താവ് രതീഷിനെ കാണാനില്ലെന്നും ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നും പട്ടണക്കാട് പൊലീസ് അറിയിച്ചു.

ആലപ്പുഴ: ആലപ്പുഴ കടക്കരപ്പള്ളിയില്‍ സഹോദരി ഭർത്താവിന്‍റെ വീട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം എന്ന് സംശയം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്സ് ഹരി കൃഷ്ണയാണ് മരിച്ചത്. ഒളിവിൽ പോയ സഹോദരി ഭർത്താവ് രതീഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ അന്വേഷണം തുടങ്ങി. സഹോദരി ഭർത്താവ് രതീഷാണ് യുവതിയെ മിക്കപ്പോഴും വീട്ടിൽ കൊണ്ട് വിടാറുള്ളത്. രതീഷിനെയും ഫോണിൽ കിട്ടാതായതോടെ സംശയം ബലപ്പെട്ടു. പിന്നീട് ബന്ധുക്കൾ നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി വൈകി രതീഷിന്‍റെ അടച്ചിട്ട വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാല്‍ രതീഷ് എവിടെ എന്ന് ആർക്കുമറിയില്ല.

രതീഷും ഹരികൃഷ്ണയുമായുള്ള ബന്ധത്തത്തിൽ പൊലീസിന് ചില സംശയങ്ങളുണ്ട്. ഫോൺ രേഖകൾ അടക്കം വിശദമായി പരിശോധിക്കും. പോസ്റ്റ്മോർട്ടത്തിനുശേഷം മരണകാരണം വ്യക്തമാകുമെന്ന് പട്ടണക്കാട് പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona