കറാച്ചി: ജോലി രാജിവയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്  മാധ്യമപ്രവർത്തകയെ ഭർത്താവ് വെടിവച്ച് കൊന്നു. പാകിസ്താനിലെ ഉറുദു പത്രത്തിലെ ജീവനക്കാരിയായ ഉറൂജ് ഇഖ്ബാൽ എന്ന ഇരുപത്തഴുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദിലാവർ അലിയ്ക്കെതിരെ കേസെടുത്തതായി പൊലീസ് വെളിപ്പെടുത്തി. ഏഴ് മാസങ്ങൾക്ക് മുമ്പാണ് ഇവർ പ്രണയിച്ച് വിവാഹിതരായത്. എന്നാൽ ഇവരുടെ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത് പെട്ടെന്നാണെന്ന് ഉറൂജിന്റെ സഹോദരൻ യാസിർ ഇഖ്ബാൽ പറയുന്നു. 

സെൻട്രൽ ലാഹോറിലെ ഓഫീസിൽ ജോലിക്കെത്തിയ യുവതിയെ ദിലാവർ അലി തലയ്ക്ക് വെടി വെക്കുകയായിരുന്നു. വെടിയേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിലാവറും മറ്റൊരു ഉറുദു പത്രത്തിലെ ജീവനക്കാരനാണ്. ജോലി വയ്ക്കണമെന്ന് നിരന്തരമായി ദിലാവർ ഉറൂജിനോട് ആവശ്യപ്പെട്ടിരുന്നതായി സഹോദരൻ യാസിർ ഇഖ്ബാൽ പൊലീസിനോട് വെളിപ്പെടുത്തി. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ ഉറൂജ് പൊലീസിൽ പരാതിപ്പെടുകയും താമസം ഓഫീസിന് സമീപത്തേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.