ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തിയ മധ്യവയസ്കനെ യുവതി കൊലപ്പെടുത്തി. ചൈന്നെ സ്വദേശിയായ യുവതിയാണ് നിരവധി തവണ പീഡിപ്പിച്ച 54കാരനായ അമന്‍ ശേഖറിനെ കൊലപ്പെടുത്തിയത്. കണ്ണുകള്‍ പശ തേച്ച് ഒട്ടിച്ച ശേഷം ഇയാളെ യുവതി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

യുവതിയുടെ സുഹൃത്തിന്‍റെ അച്ഛനാണ് അമന്‍ ശേഖര്‍. കഴിഞ്ഞ നാലുവര്‍ഷമായി ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചു. എന്നാല്‍ യുവതി വിവാഹം കഴിക്കാന്‍ പോകുന്നെന്ന് അറിഞ്ഞതോടെ പീഡനത്തിന്‍റെ ചിത്രങ്ങളും യുവതിയുടെ നഗ്നദൃശ്യങ്ങളും പുറത്തുവിടുമെന്ന് ശേഖര്‍ യുവതിയെ ഭീഷണിപ്പെടുത്തി. ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ യുവതി ശേഖറിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. നേരിട്ട് കാണണമെന്ന് പറഞ്ഞ് അഡയാറിലേക്ക് ഇയാളെ വിളിച്ചുവരുത്തിയ യുവതി ശേഖറിനോട് കണ്ണുകള്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടു.

സര്‍പ്രൈസ് സമ്മാനം നല്‍കാമെന്ന് പറഞ്ഞാണ് യുവതി ശേഖറിനോട് കണ്ണടയ്ക്കാന്‍ പറഞ്ഞത്. ഇയാള്‍ കണ്ണുകള്‍ അടച്ചതോടെ കട്ടിയുള്ള പശ ഉപയോഗിച്ച് യുവതി ശേഖറിന്‍റെ കണ്ണുകള്‍ ഒട്ടിച്ചു. പിന്നീട് കത്തി കൊണ്ട് കഴുത്തറക്കുകയായിരുന്നെന്നു. കൊലപാതകത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.