രാംപൂര്‍: സബ് ഇന്‍സ്‍പെക്ടര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസ് ക്യാമ്പില്‍ കഴിഞ്ഞ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സേനയെ ആകെ ഞെട്ടിച്ച സംഭവം നടന്നത്. കേസില്‍ രാംപൂര്‍ സ്വദേശിനിയായ പ്രഭ്‍ജ്യോത് കൗറാണ് അറസ്റ്റിലായത്. ട്രാന്‍സ്ഫറായി വന്ന സബ് ഇന്‍സ്‍പെക്ടര്‍ എന്ന വ്യാജേനയാണ് യുവതി ക്യാമ്പില്‍ എത്തിയത്.

ബുധനാഴ്ച ക്യാമ്പില്‍ എത്തിയ യുവതി വിജയ് നഗര്‍ സ്റ്റേഷനിലാണ് തനിക്ക് പോസ്റ്റിംഗ് എന്നും തന്‍റെ രേഖകള്‍ വരുന്നത് വരെ ക്യാമ്പില്‍ താമസിക്കുകയാണെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍, മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം യുവതിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ വനിത കോണ്‍സ്റ്റബിളുമാര്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

ഉദ്യോഗസ്ഥര്‍ എത്തി യുവതിയെ ചോദ്യം ചെയ്തതോടെ ആള്‍മാറാട്ടം പുറത്ത് വരികയായിരുന്നു. ഒരാള്‍ ക്യാമ്പില്‍ കഴിഞ്ഞാല്‍ ജോലി ഉറപ്പ് പറഞ്ഞിരുന്നതിനാലാണ് താന്‍ ഇങ്ങനെ ഒരു ആള്‍മാറാട്ടം നടത്തിയതെന്നാണ് ചോദ്യം ചെയ്തപ്പോള്‍ യുവതി പറഞ്ഞത്. അവിവാഹിതയായ യുവതി കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുന്നില്ലെന്നും പൊലീസ് അറിയിച്ചു.