തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവ് കുത്തേറ്റു മരിച്ചു. ശ്രീവരാഹം സ്വദേശി ശ്യാം എന്ന മണിക്കുട്ടനാണ് മരിച്ചത്. ലഹരി മരുന്ന് മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ മണിക്കുട്ടന്‍ തടയാന്‍ ചെന്നതായിരുന്നു.ലഹരി മരുന്ന് മാഫിയ സംഘത്തില്‍പെട്ട അര്‍ജുനാണ് കുത്തിയതെന്നാണ് പോലീസ് നിഗമനം.

ഉണ്ണിക്കണ്ണന്‍, വിമല്‍എന്നിവര്‍ക്കും കുത്തേറ്റു. സംഭവത്തില്‍പ്രതികളായ രജിത്ത്, മനോജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍പോയ അര്‍ജുന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. 

നേരത്തെ തന്നെ ലഹരിമാഫിയയുടെ പിടിയിലമരുകയാണ് തലസ്ഥാനം എന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മൂന്നാഴ്ചക്കിടെ ലഹരി സംഘം കൊലപ്പെടുത്തുന്ന മൂന്നാമത്തെ ആളാണ് മണികുട്ടന്‍. പേരിന് നടത്തുന്ന പരിശോധനയല്ലാതെ പൊലീസിനോ എക്സൈസിനോ ലഹരി വിതരണ റാക്കറ്റിനെ തൊടാനാകുന്നില്ല. 

ഉത്തരേന്ത്യയിൽ നിന്നൊക്കെ കേൾക്കുന്ന പോലെ ആളെ തട്ടിക്കൊണ്ട് പോകുക, ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുക. തിരുവനന്തപുരത്തെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് തുടരെ ഉണ്ടാകുന്നത്.