കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വയോധികയെ പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിലെ രണ്ടാം പ്രതി പോലീസ് പിടിയിൽ. മലപ്പുറം ജില്ലയിലെ വേങ്ങര വാക്കാതൊടി ജമാലുദ്ദീനെയാണ് ബംഗളൂരു ജിഗ്നിയിൽ വെച്ച് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ പുലർച്ചയോടെ പിടികൂടിയത്. 

കേസിലെ ഒന്നാം പ്രതിയായ മുജീബ്റഹ്‌മാൻ വയോധികയിൽ നിന്ന് കവർന്ന മാല കൊടുവള്ളിയിലെ ജ്വല്ലറിയിൽ വിൽക്കാൻ സഹായിച്ചത് ജമാലുദ്ദീനും കാമുകിയായ സൂര്യയും ചേർന്നായിരുന്നു. കേസിൽ സൂര്യ മൂന്നാം പ്രതിയും ജമാലുദ്ദീൻ രണ്ടാം പ്രതിയുമാണ്. മുജീബ് റഹ്മാനെയും സൂര്യയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിനെ തുടർന്ന് ജമാലുദ്ദീൻ ഒളിവിൽ പോകുകയായിരുന്നു. 

നേരത്തെ കഞ്ചാവ് കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജമാലുദ്ദീനെ മുക്കത്തെ സ്റ്റിക്കർ കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഒന്നാംപ്രതി സംഭവം നടത്താൻ ഉപയോഗിച്ച മോഷ്ടിച്ച ഓട്ടോറിക്ഷയുടെ നമ്പർ പ്ലേറ്റ് മാറ്റിയത് ഇവിടെവച്ചാണ്. ഒരാഴ്ച മുൻപ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് മുൻപാകെ അന്വേഷണസംഘം കേസിൻറെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 

അതേസമയം വെസ്റ്റ്ഹിൽ കോവിഡ് ഫസ്റ്റ് ട്രീറ്റ്മെൻറ് സെന്‍ററിൽ നിന്ന് കഴിഞ്ഞദിവസം രക്ഷപ്പെട്ട് കേസിലെ ഒന്നാം മുജീബ് റഹ്മാനെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. മുക്കം മുത്തേരിയിൽ ഹോട്ടൽ ജോലിക്കാരിയായ വയോധിക ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് അക്രമത്തിന് ഇരായയത്. കൈ കാലുകൾ കെട്ടിയിട്ട് ഓട്ടോ ഡ്രൈവർ പീഢിപ്പിച്ചതായാണ് ഇവർ മജിസ്ട്രേറ്റിന് നൽകിയ മൊഴി. ഇവരുടെ ആഭരണങ്ങളും പഴ്സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്.