തൃശ്ശൂര്‍: പട്ടാപ്പകൽ ബൈക്കിൽ കറങ്ങി നടന്ന് ആളില്ലാത്ത വീട്ടിൽ നിന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് തൃശ്ശൂർ പൊലീസിന്റെ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ പീച്ചി സ്വദേശി സന്തോഷാണ് ഷാഡോ പൊലീസിന്റെയും മണ്ണുത്തി പൊലീസിന്റെയും പിടിയിലായത്. ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. 

വീട്ടിന്റെ താക്കോൽ കണ്ടെത്തി മോഷണം നടത്തിയ ശേഷം അതേ സ്ഥലത്ത് താക്കോൽ വച്ച് മടങ്ങും. വീട്ടുകാർ മോഷണ വിവരം അറിയാൻ തന്നെ ദിവസങ്ങളെടുക്കും. കൊടകര പുതുക്കാട് വിയ്യൂർ വരന്തരപ്പള്ളി തുടങ്ങിയ ഒട്ടേറെ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. 2018ൽ നൂറിലധികം പവൻ സ്വർണ്ണം കവർന്ന കേസിൽ പിടിയിലായ സന്തോഷ് കഴിഞ്ഞ ആഗസ്റ്റിലാണ് ജാമ്യത്തിറങ്ങിയത്. 

പുറത്തിറങ്ങിയ ശേഷം വീണ്ടും മോഷണം തുടങ്ങി. കഴിഞ്ഞ നവംബര്‍ എട്ടിന്  മാടക്കത്തറ സ്വദേശി മനോജിന്റെ വീട്ടിൽ നിന്നും ആറ് പവനും 90,000 രൂപയും മോഷ്ടിച്ച കേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമായ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.

 ചിറക്കേക്കാട് വീട്ടിൽ നിന്നും 2 ലക്ഷം രൂപ മോഷ്ടിച്ചതും, ഒല്ലൂരിലെ വീട്ടിൽ നിന്നും 50 പവനിലേറെ സ്വര്‍ണ്ണം കവർന്നതും താനാണെന്ന് പ്രതി സമ്മച്ചു. കൂടുതൽ കേസുകളിലും വ്യക്തത വന്നിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി. പ്രതി വിറ്റഴിച്ച ആഭരണങ്ങളും മോഷണത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു.