പൂച്ച വില്പനയുടെ മറവിൽ സ്വന്തം വീട്ടിൽ ആണ് ഇയാൾ ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നതെന്ന് എക്സൈസ് സി.ഐ  ബിനുകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തൃശ്ശൂര്‍: പേർഷ്യൻ പൂച്ച(Persian cat) വില്പനയുടെ മറവിൽ ലഹരി വസ്തുക്കൾ(Drugs sale) വിൽപ്പന നടത്തി വന്നിരുന്ന യുവാവിനെ പിടികൂടി. എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവയുമായാണ് മാള സ്വദേശി അക്ഷയ് പിടിയിലായത്. കൊടുങ്ങല്ലൂർ എക്സൈസ്(Excise) സംഘമാണ് അക്ഷയിനെ അറസ്റ്റ് ചെയ്തത്. ബാംഗ്ലൂർ നിന്നും കൊടുങ്ങല്ലൂർ, മാള മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ അക്ഷയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ആവശ്യക്കാർക്ക് എല്ലാ തരത്തിലുള്ള കെമിക്കൽ, സിന്തറ്റിക്ക് ലഹരി വസ്തുക്കളും എത്തിച്ചു കൊടുക്കുന്നതിൽ സജീവമാണ് ഇയാൾ. ഡിജെ പാർട്ടികൾക്കും, ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കും വേണ്ട സ്റ്റോക്ക് എത്തിച്ചുവരവെ ആണ് പ്രതി പിടിയിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൂച്ച വില്പനയുടെ മറവിൽ സ്വന്തം വീട്ടിൽ ആണ് ഇയാൾ ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നതെന്ന് എക്സൈസ് സി.ഐ ബിനുകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

നാർക്കൊട്ടിക് കേസുകളിൽ പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള കോമേഴ്‌ഷ്യൽ അളവിൽ ആണ് മയക്കു മരുന്നുകൾ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. എവിടെ നിന്നാണ് അക്ഷയ്ക്ക് മയക്കുമരുന്ന് എത്തിയതെന്നും ആരാണ് എത്തിച്ച് കൊടുക്കുന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ അമ്നേഷിച്ച് വരികയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.