ചെന്നൈ: തമിഴ്നാട്ടിലെ മധുരയില്‍ താന്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുമായി അനിയന്‍ ഒളിച്ചോടിയതില്‍ മനം നൊന്ത്  സഹോദരന്‍ ആത്മഹത്യ ചെയ്തു. സംഭവത്തിന് പിന്നാലെ അനിയനും കാമുകിയും ആത്മഹത്യക്ക് ശ്രമിച്ചു ഇരുവരും ഗുരുതരാവസ്തയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

മധുര പാലമേട് സല്ലിക്കോടങ്കിപ്പട്ടി ഗ്രാമത്തിൽ നിന്നുള്ള പെരിയ കറുപ്പൻ (26) ആണ് ജീവനൊടുക്കിയത്. നിർമ്മാണ കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്യുകയായിരുന്നു ഇയാൾ. മൈക്ക് സെറ്റ് സ്ഥാപനം നടത്തുകയായിരുന്ന ഇളയ സഹോദരൻ ചിന്ന കറുപ്പൻ (24) ആണ് പെൺകുട്ടിയുമായി ഒളിച്ചോടിയത്.

ബന്ധുവായ 16 കാരിയോട് പെരിയ കറുപ്പന് ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയോട് കാര്യം പറയാതെ വിഷയം വീട്ടിൽ അവതരിപ്പിച്ചിരുന്നു.  ഇതിനിടയിലാണ് ചിന്ന കറുപ്പനും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലാകുന്നതും ഒളിച്ചോടുന്നതും. ഇതില്‍ മനം നൊന്ത് യുവാവ് വിഷം കഴിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.