ചോദിക്കുന്ന പണം തന്നില്ലെങ്കിൽ ഭാര്യയോട് അവിഹിതബന്ധത്തെ കുറിച്ച് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ രവീന്ദ്രൻ ക്ഷുഭിതനായി. നേരത്തെ കരുതി വച്ചിരുന്ന കത്തി ഉപയോഗിച്ച് രവീന്ദ്രൻ മൌനീകയെ കുത്തിക്കൊലപ്പെടുത്തി.
ബെംഗളൂരു: ആന്ധ്രയിലെ വിശാഖപട്ടണത്ത് കാമുകിയെ കൊലപ്പെടുത്തി മൂന്ന് കഷണങ്ങളാക്കി നാവികസേന ജീവനക്കാരൻ. 35കാരനായ രവീന്ദ്ര ആണ് ഭാര്യ സ്ഥലത്തില്ലാത്ത സമയത്ത് കാമുകിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊന്നത്. ഫ്രിഡ്ജിൽ സൂക്ഷിച്ച മൃതദേഹഭാഗങ്ങൾ പൊലീസ് കണ്ടെടുത്തു. എന്നാൽ തല ഇതുവരെയും കണ്ടെത്താനായിട്ടില്ല. വിശാഖപ്പട്ടണം ഗാജുവാക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് നടുക്കുന്ന കൊലപാതകം.
നാവികസേനയിൽ ടെക്നീഷ്യനായ വിശാഖപ്പട്ടണം സ്വദേശി 35കാരനാണ് രവീന്ദ്രൻ. ഇയാളുടെ ഭാര്യ ഒരുമാസം മുൻപ് പ്രസവത്തിനായി നാട്ടിലേക്ക് പോയതാണ്. സുഹൃത്തായ 29കാരി മൌനീകയെ ഞായറാഴ്ച തന്റെ അപ്പാർട്മെന്ർറിലേക്ക് വിളിച്ചുവരുത്തി. ബാങ്ക് ജീവനക്കാരിയായ ഇവർ ഉച്ചയ്ക്ക് ഒരു മണിയോടെ സ്ഥലത്തെത്തി. കുറച്ച് മണിക്കൂറുകൾ ഒന്നിച്ച് ചെലവിട്ടു. അതിന് ശേഷം പണത്തെ ചൊല്ലി തർക്കമായി. ചോദിക്കുന്ന പണം തന്നില്ലെങ്കിൽ ഭാര്യയോട് അവിഹിതബന്ധത്തെ കുറിച്ച് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ രവീന്ദ്രൻ
ക്ഷുഭിതനായി. നേരത്തെ കരുതി വച്ചിരുന്ന കത്തി ഉപയോഗിച്ച് രവീന്ദ്രൻ മൌനീകയെ കുത്തിക്കൊലപ്പെടുത്തി. അതിന് ശേഷം മൂന്ന് കഷണങ്ങളായി ശരീരഭാഗങ്ങൾ മുറിച്ച ശേഷം ചാക്കിൽ കയറ്റി. 2 ചാക്ക് ഫ്രിഡിൽ വച്ചതിന് ശേഷം തലയടങ്ങിയ ബാഗും ഫോണും പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു. തിരികെ
വന്ന് വീട് വൃത്തിയാക്കിയതിന് ശേഷം ദുർഗന്ധം വരാതിരിക്കാൻ സ്പ്രേയുമടിച്ചു. പിന്നീട് ഇയാൾ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ച് ഇക്കാര്യങ്ങൾ പറഞ്ഞു. സുഹൃത്ത് നിർബന്ധിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. കൊവിഡ് സമയത്ത് ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇതുവരെ മൂന്നര ലക്ഷം രൂപയോളം മൗനിക ഭീഷണിപ്പെടുത്തി തട്ടിയെടുത്തിട്ടുണ്ടെന്നാണ് രവനീന്ദ്രന്റെ മൊഴി.
ശല്യം സഹിക്ക വയ്യാതായതോടെ കൊലപ്പെടുത്താൻ തീരുമാനിച്ചു എന്നും പറയുന്നു. തെളിവെടുപ്പിനായി ഇയാളെ അപ്പാർട്ട്മെന്റിൽ എത്തിച്ചപ്പോൾ മൗനികയുടെ ബന്ധുക്കൾ ആക്രമിക്കാൻ ശ്രമിച്ചു. രവീന്ദ്രനെ കുറിച്ച് ആദ്യമായി കേൾക്കുകതയണെന്നും മരണത്തിൽ ദുരൂഹതയുണ്ട് നിഷ്പക്ഷമായ അന്വേഷണം വേണമെന്നുമാണ് മൗനികയുടെ കുടുംബം പറയുന്നത്.

