ദില്ലി: കളിപ്പാട്ടം മാറ്റി നല്‍കാത്ത  കച്ചവടക്കാരായ സഹോദരങ്ങള്‍ക്ക് നേരെ യുവാവ് വെടിയുതിര്‍ത്തു. വടക്കു കിഴക്കന്‍ ദില്ലിയിലെ സീലാംപൂരിലാണ് സംഭവം. 30 -കാരനായ ആസിഫ് ചൗധരിയാണ് കടയുടമകളായ നാദിം, ഷമീം എന്നിവരെ വെടിവെച്ചത്.

ഞായറാഴ്ച രാവിലെയാണ് ആസിഫ് കടയില്‍ നിന്ന് കളിപ്പാട്ടം വാങ്ങിയത്. രാത്രി ഏഴുമണിയോടെ  കടയിലെത്തി കളിപ്പാട്ടം മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കച്ചവടക്കാര്‍ ഇത് എതിര്‍ത്തതോടെ ആസിഫും ഇവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് ആസിഫ് വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാദിമിനെയും ഷമീമിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് ആസിഫിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ തോക്കും കണ്ടെടുത്തു.