കോട്ടക്കല്‍: മോഷ്ടിച്ച ബുള്ളറ്റുമായി കറങ്ങി നടന്ന രണ്ട് പേരെ പിടികൂടി. ജില്ലാ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് നോക്കാംപാറയില്‍ നിന്നും ബൈക്ക് പിടികൂടിയത്. സൈലന്‍സറില്‍ രൂപമാറ്റം വരുത്തി അമിത ശബ്ദത്തോടെ വന്ന ബുള്ളറ്റ് പരിശോധനാ സംഘം തടയുകയായിരുന്നു. കെ എല്‍ 58 സെഡ് 1200 എന്ന നമ്പര്‍ വെച്ച ബുള്ളറ്റാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ നമ്പര്‍ വ്യാജമെന്ന് കണ്ടതോടെ കൂടുതല്‍ പരിശോധന നടത്തി. വാഹനത്തിന്റെ നമ്പര്‍ കെ എന്‍ 55 എ ബി 1477 ആണെന്ന് ഉറപ്പ് വരുത്തുകയായിരുന്നു. ഉടമയെ ബന്ധപ്പെട്ടപ്പോള്‍ വെള്ളിയാംപുറം സ്വദേശിയുടെതാണെന്നും മൂന്നാഴ്ച മുമ്പ് മോഷണം പോയതാണെന്നും വ്യക്തമായി.

അതേസമയം, വാഹനത്തിന്റെ നമ്പര്‍ തലശേരി സ്വദേശിയുടെ ഉടമയിലുള്ള മറ്റൊരു വാഹനത്തിന്റേതാണെന്നും വാഹനം അദ്ദേഹം ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായതോടെ യാത്രക്കാരായ രണ്ട് പേരെ വാഹന സഹിതം കോട്ടക്കല്‍ പൊലീസിന് കൈമാറി.  മോട്ടോര്‍ വകുപ്പിന്റെ ആപ്പ് വഴിയാണ് മോഷണത്തെ കുറിച്ച് വേഗം തെളിവുണ്ടാക്കാനായത്. വാഹനം ഉപയോഗിച്ച രണ്ട് യുവാക്കള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവര്‍ തന്നെയാണോ വാഹനം മോഷ്ടിച്ചതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.