Asianet News MalayalamAsianet News Malayalam

ലക്ഷങ്ങളുടെ ജോലിയും വീടും ഉപേക്ഷിച്ചു, നാട് മുഴുവൻ ചുറ്റിനടക്കുന്ന ഒരു കുടുംബം

അവർ രണ്ട് മാസത്തിൽ കൂടുതൽ ഒരു സ്ഥലത്ത് താമസിക്കാറില്ല. യാത്രകൾ രസകരമാണെങ്കിലും, അതിന് അതിന്റേതായ വെല്ലുവിളികളുണ്ടെന്ന് അവർ പറയുന്നു. 

nomad life of Santosh and Aanchal Iyer family
Author
Pune, First Published Jun 24, 2021, 1:24 PM IST

സ്ഥലങ്ങൾ കാണാനും, യാത്രകൾ ചെയ്യാനും എല്ലാവർക്കും ഇഷ്ടമാണ്. ജീവിതത്തിലെ തിരക്കിൽ നിന്ന് മാറി കുറച്ച് ദിവസം ഒന്ന് അടിച്ചുപൊളിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാൽ, ജീവിതം തന്നെ ഒരു ടൂർ ആയി മാറിയാലോ? സ്ഥലങ്ങളിൽ നിന്ന് സ്ഥലങ്ങളിലേക്കുള്ള നിർത്താത്ത യാത്രകളായി അത് മാറിയാലോ?  പൂനെയിൽ നിന്നുള്ള സന്തോഷ്, ആഞ്ചൽ അയ്യർ ദമ്പതികൾ അത്തരമൊരു ജീവിതത്തെ ഇഷ്ടപ്പെടുന്നവരാണ്. അവരുടെ നാട് അവർ എത്തിച്ചേരുന്ന ഇടമാണ്. അവരുടെ വീട് അവർ അന്തിയുറങ്ങുന്ന വഴിയോരമാണ്. ഉത്തരവാദിത്തങ്ങളോ, ജോലിയുടെ ടെൻഷനോ, സമ്പാദ്യത്തിന്റെ ഭാരമോ ഇല്ലാത്ത തീർത്തും സ്വതന്ത്രമായ ജീവിതം. അവർക്കൊപ്പം അവരുടെ രണ്ട് മക്കളുമുണ്ട്. ആകെ സമ്പാദ്യമായ നാല് പെട്ടികളുമായി ഒരിക്കലും അവസാനിക്കാത്ത അവധിക്കാലം ആഘോഷിക്കാൻ അവർ ഇറങ്ങി തിരിച്ചു. ഒരുപക്ഷേ ആർക്കും അസൂയ തോന്നുന്ന ഒരു ജീവിതമാണ് അത്.  

2019 -ലാണ് അയ്യർ കുടുംബം അവരുടെ സുസ്ഥിരമായ ജീവിതം ഉപേക്ഷിച്ച് നാടോടികളായി മാറുന്നത്. അതിന് മുന്നോടിയായി അവർ തങ്ങളുടെ പൂനെയിലുള്ള  വീട്, കാർ, ഫർണിച്ചർ തുടങ്ങി എല്ലാ സ്വത്തുക്കളും വിറ്റു. ഐടി പ്രൊഫഷണലായിരുന്നു സന്തോഷ് അയ്യർ. യാത്രയ്ക്ക് മുൻപ് ലക്ഷങ്ങൾ ശമ്പളമുണ്ടായുന്ന തന്റെ ജോലിയും അദ്ദേഹം ഉപേക്ഷിച്ചു. അവരുടെ രണ്ട് മക്കളും സ്കൂൾ വിദ്യാഭ്യാസം പാതിയിൽ നിർത്തി. മകൻ ഹരിധാന് പതിനൊന്ന് വയസ്സും, മകൾ ഖ്വാഹിഷിന് ആറു വയസ്സുമാണ് പ്രായം. തുടർന്ന് അവർ ഇന്ത്യയിലുടനീളം സഞ്ചരിക്കാൻ ആരംഭിച്ചു.

nomad life of Santosh and Aanchal Iyer family

മഹാരാഷ്ട്രയിലെ പവന അണക്കെട്ട് കാണാൻ കാൽനടയായി പോയപ്പോഴാണ് ആദ്യമായി ഇത്തരമൊരു ആശയത്തെ കുറിച്ച് അവർ ചിന്തിക്കുന്നത്. അങ്ങനെ അവർ അത് വീട്ടിൽ മാതാപിതാക്കളുമായി സംസാരിച്ചു. എന്നാൽ വീട്ടുകാർ ഈ ആശയം കേട്ട് ഞെട്ടി, സാധ്യമല്ലെന്ന് തീർത്ത് പറഞ്ഞു. എന്നാലും ഒടുവിൽ അവർ സമ്മതം മൂളി. രാജ്കോട്ട്, പാലംപൂർ, ജയ്പൂർ, ഉദയ്പൂർ തുടങ്ങിയ അനവധി നഗരങ്ങളിൽ അവർ ഇതിനകം സഞ്ചരിച്ചു കഴിഞ്ഞു. പോകാനുള്ള സ്ഥലങ്ങൾ തീരുമാനിക്കാനുള്ള അവകാശം കുട്ടികൾക്കാണ്. ഇതിനായി എന്തുകൊണ്ടാണ് ആ സ്ഥലം തിരഞ്ഞെടുക്കുന്നു, അവിടെ നേരിടാവുന്ന തടസ്സങ്ങൾ, ഭക്ഷണം കഴിക്കാനും കാണാനുമുള്ള ഏറ്റവും നല്ല സ്ഥലങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു പവർ പോയിന്റ് പ്രസന്റേഷൻ കുട്ടികൾ തയ്യാറാക്കുന്നു. അവർ മാതാപിതാക്കൾക്ക് രണ്ട് സ്ഥലങ്ങളുടെ വിശദവിവരങ്ങൾ നൽകുന്നു, തുടർന്ന് അതിൽ നിന്ന് ഒരെണ്ണം മാതാപിതാക്കൾ തിരഞ്ഞെടുക്കുന്നു.  
 
നേരത്തെ പുസ്തകം കണ്ടാൽ ഉറക്കം തൂങ്ങിയിരുന്ന ഹരിധാൻ ഇപ്പോൾ നല്ലപോലെ വായിക്കും എന്ന് സന്തോഷ് പറയുന്നു. മകൾക്കും, മകനും ചിട്ടയായ ഒരു ദിനചര്യയുണ്ടെന്നും, ഇപ്പോൾ അവർ അത് യാതൊരു സമ്മർദ്ദവുമില്ലാതെ തന്നെ പിന്തുടരുന്നുണ്ടെന്നും അച്ഛൻ പറഞ്ഞു. കുട്ടികൾക്ക് വിവിധ സംസ്കാരങ്ങളെയും, ആളുകളെയും പരിചയപ്പെടുത്താനാണ് ഈ യാത്ര എന്ന് അവരുടെ അമ്മ പറയുന്നു. പവന അണക്കെട്ടിലേക്കുള്ള ആദ്യ യാത്രയിൽ അവർ പരിമിതമായ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. അവിടെ നിന്നാണ് എന്തുകൊണ്ട് ഇങ്ങനെ ജീവിച്ചുകൂടാ എന്ന ചിന്ത വന്നതെന്നും ആഞ്ചൽ കൂട്ടിച്ചേർത്തു.

 

അവർ രണ്ട് മാസത്തിൽ കൂടുതൽ ഒരു സ്ഥലത്ത് താമസിക്കാറില്ല. യാത്രകൾ രസകരമാണെങ്കിലും, അതിന് അതിന്റേതായ വെല്ലുവിളികളുണ്ടെന്ന് അവർ പറയുന്നു. ഒരു വീട് കണ്ടെത്തുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കാരണം രണ്ട് മാസത്തേക്കായി ആരും വീട് വാടകയ്ക്ക് നൽകില്ല എന്നവർ പറഞ്ഞു. അതുമല്ല കൈയിലുള്ള കുറച്ച് പാത്രങ്ങളും ഭക്ഷണവും ഉപയോഗിച്ച് ജീവിക്കുന്നത് അതിലും വലിയ വെല്ലുവിളിയാണ്. കൂളർ, ഹീറ്റർ, പാത്രങ്ങൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ താമസിക്കാൻ ആവശ്യമായ ചില അടിസ്ഥാന സൗകര്യങ്ങൾ തങ്ങൾ കരുതിയിട്ടുണ്ടെന്ന് ആഞ്ചൽ പറഞ്ഞു. ആവശ്യകതകൾ നിറവേറ്റുന്നതിന്, അവർ അവരുടെ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നു. എന്നിരുന്നാലും അവർ തീർത്തും സന്തുഷ്ടരാണ് എന്നവർ പറയുന്നു.

“എന്റെ കുട്ടികൾക്ക് ഇപ്പോൾ സ്വയം തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. കാര്യങ്ങളെ ചോദ്യം ചെയ്യാനും, യുക്തിയോടെ ചിന്തിക്കാനും അവർക്ക് ഇന്ന് സാധിക്കുന്നു. അച്ഛന് സ്വന്തമായി കാർ ഉണ്ടോ, വീടുണ്ടോ, പണമുണ്ടോ എന്നതൊന്നും അവർക്ക് വിഷയമല്ല. ഈ ജീവിതത്തിൽ അവർ ഹാപ്പിയാണ്. ഇപ്പോഴാണ് ഞങ്ങൾ ശരിക്കും ജീവിക്കാൻ തുടങ്ങിയത്" ആഞ്ചൽ പറയുന്നു. കോവിഡ് 19 അവരുടെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ അവർ കെട്ടി എന്ന ഗ്രാമത്തിലായിരുന്നു. ഗ്രാമത്തിൽ 200 വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അവിടെ ലോക്ക്ഡൗണില്ലായിരുന്നു. ആദ്യത്തെ നാല് മാസം ജീവിതം പതിവുപോലെ തുടർന്നു. ജൂലൈയിൽ കൊവിഡ് കേസുകൾ കൂടിയപ്പോൾ ബാംഗ്ലൂരിലെ അവരുടെ മാതാപിതാക്കളുടെ സ്ഥലത്തേയ്ക്ക് അവർ പോയി. ഇനി നവംബർ വരെ യാത്രകൾ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് അവരുടെ തീരുമാനം.  

Follow Us:
Download App:
  • android
  • ios