കാസർഗോഡ്: ഇത്തവണ ചുമരുകൾക്കപ്പുറം ഡിജിറ്റൽ വാളുകളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം  ശക്തമാക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കം. മറ്റു പാർട്ടികൾക്ക് മുമ്പെ, ബി ജെ പിയുടെ ഡിജിറ്റൽ പ്രചാരണ വാഹനം യാത്ര തുടങ്ങിക്കഴിഞ്ഞു.

സാങ്കേതിക വിദ്യ വളർന്നതോടെയാണ് രാഷ്ട്രീയ പ്രചാരണ രീതികളിൽ മാറ്റം വന്നത്. ചുമരുകളിലും മതിലുകളിലും പോസ്റ്ററുകളായും എഴുത്തുകളായും നിറഞ്ഞിരുന്ന പ്രചാരണം ഡിജിറ്റൽ വാളുകളിലേക്ക് വഴിമാറി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പിയാണ് ഈ വിദ്യ കാര്യമായി ഉപയോഗപ്പെടുത്തിയത്. ഇത്തവണ എല്ലാ പാർട്ടികളും ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ്. 

ഒരേസമയം ശബ്ദവും ദൃശ്യങ്ങളും ഉപയോഗിച്ച് ജനങ്ങളിലേക്ക് ആശയങ്ങൾ എത്തിക്കാമെന്നതാണ് ഡിജിറ്റല്‍ വാളുകളുടെ പ്രത്യേകത. എവിടേയും എത്താം, അധികം മുന്നൊരുക്കങ്ങളും വേണ്ട എന്നതും ശ്രദ്ധേയമാണ്.