വളരെ ഗൌരവമുള്ള പ്രശ്നങ്ങളിലൂടെയാണ് അടുത്തിടെ എത്തിയ എപ്പിസോഡുകളിലെല്ലാം ബിഗ് ബോസ് കടന്നുപോകുന്നത്. അടിയും പിടിയും പരാതികളുമായി പോകുന്ന വീട്ടിൽ ചിലപ്പോഴൊക്കെ രസകരമായ മുഹൂർത്തങ്ങളും കാണാം. സ്ഥിരം തമാശകളുമായി എത്തി ചിരിപ്പിക്കാൻ നിയോഗിക്കപ്പെട്ടത് നോബിയാണെങ്കിൽ ഇത്തവണ രസകരമായ നിമിഷങ്ങൾ സമ്മാനിക്കുന്നത് ഏഞ്ചലാണ്.

അടുത്തിടെയാണ് മത്സരാർത്ഥിയായി എത്തിയതെങ്കിലും വളരെ പെട്ടെന്നു തന്നെ വീടുമായി ഇഴകിച്ചേരാനും മറ്റ് മത്സരാർത്ഥികളോട് ബന്ധം സ്ഥാപിക്കാനും ഏഞ്ചലിന് കഴിഞ്ഞു. സ്വതസിദ്ധമായ രീതിയിൽ ആത്മാർത്ഥമായാണ് ഇതുവരെയും ഏഞ്ചലിന്റെ ഇടപെടലുകളെല്ലാം. അത്തരത്തിലൊരു രസകരമായ മലയാളം ക്ലാസാണ് കഴിഞ്ഞ ദിവസം നടന്നത്. 

ചില വാക്കുകൾ പറയുമ്പോൾ നാക്കുപിഴയ്ക്കുന്ന ഏഞ്ചലിനെ മലയാളം പറഞ്ഞ് പിഠിപ്പിക്കുകയാണ് അഡോണിയും ഭാഗ്യലക്ഷ്മിയും മറ്റ് മത്സരാർത്ഥികളും. ലജ്ജാവതി ചെയ്ത സംഗീതജ്ഞന്റെ പേര് പറയാൻ പറയുമ്പോൾ ജാസ്കി ഗിറ്റ് എന്നാണ് ഏഞ്ചൽ പറയുന്നത്. പലവട്ടം തിരുത്തിയിട്ടും ഏഞ്ചലിന് കൃത്യമായി പറയാൻ കഴിയുന്നില്ല. ചില വാക്കുകൾ തനിക്ക് പറയാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ്, '

മൂത്രി ... കൃഷ്ണമൂത്രി; എന്നൊന്നും പറയാൻ പറ്റില്ലെന്ന് പറഞ്ഞു. അതും തെറ്റിച്ച ഏഞ്ചലിനെ മൂർത്തിയെന്ന് പറഞ്ഞ് പഠിപ്പിക്കുന്നു. ഒരോ അക്ഷരങ്ങളായി കൃക്തമായി പറഞ്ഞ ഏഞ്ചൽ, ഒരുമിച്ച് പറയുമ്പോൾ വീണ്ടും തെറ്റിക്കുന്നതാണ് വീഡിയോയിൽ. ഇതിന് ശേഷം കളിക്കില്ലെന്ന മട്ടിൽ അവിടെനിന്ന് മുങ്ങുകയാണ് ഏഞ്ചൽ.