മോഹൻലാലിനെയും അമ്പരപ്പിച്ച് ബിഗ് ബോസ് ഷോയില്‍ രതീഷ് കുമാര്‍.

ഒട്ടേറെ പ്രത്യകതകളാണ് ബിഗ് ബോസ് ഷോയുടെ ആറാം സീസണിലുണ്ടാകുക. അതിനൊത്ത മത്സരാര്‍ഥികളും ആറാം സീസണില്‍ ഷോയിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിരിപ്പിച്ചും പാട്ടു പാടിയും കൂട്ടുകൂടാൻ ഷോയിലേക്ക് രതീഷ് കുമാറുമെത്തിയിരിക്കുന്നു. ഫുള്‍ എനര്‍ജിയിലാണ് രതീഷ് കുമാര്‍ ഷോയിലേക്ക് എത്തിയിരിക്കുന്നത് എന്നത് പിന്നീടുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തം.

ടെലിവിഷൻ അവതാരകൻ, ഗായകൻ നടൻ തുടങ്ങിയ വിശേഷണങ്ങള്‍ക്കു പുറമേ മിമിക്രി കലാകാരൻ എന്ന നിലയിലും മോഹൻലാല്‍ രതീഷ് കുമാറിനെ പരിചയപ്പെടുത്തി. വാല്‍ക്കണ്ണാടിയുടെ അവതാരകൻ എന്ന നിലയില്‍ ടെലിവിഷൻ പ്രേക്ഷകര്‍ക്ക് പരിചിതനായിരുന്നു രതീഷ് കുമാര്‍. സംസാര പ്രിയനുമാണ് രതീഷ് കുമാര്‍. രസകരമായിട്ടാണ് രതീഷ് കുമാര്‍ മോഹൻലാലിനോട് ഷോയില്‍ ഇടപെട്ടതും.

നല്ല പാട്ടുകാരനാണോ എന്ന് ചോദിച്ചാല്‍ താൻ അല്ല എന്നും ഒരു ഡാൻസുകാരൻ അല്ലെങ്കിലും ഡാൻസ് ചെയ്യും എന്നും ചൂണ്ടിക്കാട്ടിയ രതീഷ് കുമാര്‍ സ്വയം വിശേഷിപ്പിക്കുന്നത് മികച്ച ഒരു ഗെയ്‍മര്‍ എന്ന നിലയിലാണ്. തൃശൂര്‍ സ്വദേശിയാണ് രതീഷ് കുമാര്‍. അക്ഷര, അദ്വൈത് എന്നിവരാണ് മക്കള്‍. ബിഗ് ബോസ് കപ്പ് ലക്ഷ്യമിട്ടാണ് താൻ എത്തിയിരിക്കുന്നത് എന്ന് പരിചയപ്പെടുത്തവേ രതീഷ് കുമാര്‍ വ്യക്തമാക്കി.

ബിഗ് ബോസിലെ അവതരണ ഗാനം തന്നെ രതീഷ് കുമാര്‍ മറ്റൊരു ഈണത്തില്‍ പാടി മോഹൻലാലിനെയടക്കം അമ്പരപ്പിച്ചാണ് തുടങ്ങിയത്. തനത് ശൈലിയിലായിരുന്നു ആ ഗാനം വേദിയില്‍ രതീഷ് കുമാര്‍ മനോഹരമായി അവതരിപ്പിച്ചത് എന്നതിനാലും പ്രേക്ഷകരുടെ ശ്രദ്ധയുമാകര്‍ഷിച്ചു. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയപ്പോള്‍ തന്നെ മറ്റൊരു രസകരമായ പാട്ടുമായി മത്സരാര്‍ഥികളെയും കയ്യിലെടുക്കാൻ രതീഷ് കുമാറിന് സാധിച്ചു. എന്തായാലും മിമിക്രിയും പാട്ടുകളും ഡാൻസുമൊക്കെയായി ഷോയില്‍ രതീഷ് കുമാര്‍ നിറഞ്ഞുനില്‍ക്കും എന്ന് കരുതാം.

Read More: ഒടുവില്‍ ജയറാമും മമ്മൂട്ടിയും ഒന്നിച്ച് ഒടിടിയിലേക്ക്, എബ്രഹാം ഓസ്‍ലറിന്റെ റിലീസില്‍ ധാരണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക