സെപ്റ്റംബര്‍ 4ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയിലെ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജനപ്രീതിയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ബിഗ് ബോസിന്‍റെ തെലുങ്ക് പതിപ്പ് പുതിയ സീസണ്‍ പ്രഖ്യാപിച്ചു. ആറാം സീസണിന്‍റെ പ്രൊമോ അടക്കമാണ് പ്രഖ്യാപനം. സ്റ്റാര്‍ മാ ചാനല്‍ സംപ്രേഷണം ചെയ്യുന്ന ഷോയുടെ അവതാരകന്‍ നാഗാര്‍ജുന അക്കിനേനിയാണ്. തുടര്‍ച്ചയായ നാലാം തവണയാണ് നാഗാര്‍ജുന ഷോയുടെ അവതാരകനാവുന്നത്.

ഷോയുടെ ഉദ്ഘാടന എപ്പിസോഡ് എന്നായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇത് സെപ്റ്റംബര്‍ 4ന് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി സെപ്റ്റംബര്‍ ആദ്യ വാരമാണ് തെലുങ്ക് ബിഗ് ബോസ് ആരംഭിക്കാറ്. സെപ്റ്റംബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ രണ്ട് സീസണുകളും. സീസണ്‍ 5 അവസാനിച്ചത് 2021 ഡിസംബര്‍ 19ന് ആയിരുന്നു. വി ജെ സണ്ണി ആയിരുന്നു അഞ്ചാം സീസണിലെ ടൈറ്റില്‍ വിജയി. ഷണ്‍മുഖ് ജസ്വന്ത് ആയിരുന്നു ഫസ്റ്റ് റണ്ണര്‍ അപ്പ്. മത്സരാര്‍ഥികള്‍ ആരൊക്കെയെന്നത് ഉദ്ഘാടന വേദിയിലേ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിക്കുകയുള്ളുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ALSO READ : കൊവിഡിനു ശേഷം രണ്ട് 50 കോടി ക്ലബ്ബ് ചിത്രങ്ങള്‍; ബോക്സ് ഓഫീസ് കിംഗ് ആയി പൃഥ്വിരാജ്

അതേസമയം ബിഗ് ബോസ് മലയാളത്തില്‍ സീസണ്‍ 4 ആണ് അവസാനിച്ചത്. ജൂലൈ 3ന് ഗ്രാന്‍ഡ് ഫിനാലെ നടന്ന സീസണില്‍ ദില്‍ഷ പ്രസന്നന്‍ ആണ് വിജയി ആയത്. ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ ടൈറ്റില്‍ വിജയി എന്ന പ്രത്യേകതയും ദില്‍ഷയുടെ വിജയത്തിന് ഉണ്ട്. ബ്ലെസ്‍ലി ആയിരുന്നു ഫസ്റ്റ് റണ്ണര്‍ അപ്പ്. ജനപ്രീതിയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സീസണില്‍ ജനപ്രീതി നേടിയ നിരവധി മത്സരാര്‍ഥികളും ഉണ്ടായി. താരപരിവേഷമില്ലാത്ത മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണ്‍ നേടിയ ജനപ്രീതി കൌതുകകരമായിരുന്നു.

Bigg Boss Telugu Season 6 Promo | Nagarjuna Akkineni | #BiggBossTelugu6 on Star Maa