മോഡലിംഗിന്‍റെ പേരില്‍ അവള്‍ ഡ്രെസ് ഒക്കെ ഊരുകയാണെന്ന് വരെ പറഞ്ഞു. എന്നാല്‍ അത്രയുമായിട്ടും മോളെ മാതാപിതാക്കള്‍ പഠിപ്പിച്ചില്ലേ എന്നാണ് ലക്ഷ്മിപ്രിയ ചോദിച്ചത്.

താരങ്ങള്‍ അവരുടെ ജീവിത കഥ പറഞ്ഞ ബിഗ് ബോസിന്‍റെ രണ്ടാം എപ്പിസോഡ് നൊമ്പരങ്ങള്‍ നിറഞ്ഞതായിരുന്നു. തന്‍റെ വേദന നിറഞ്ഞ കുട്ടിക്കാലവും പിന്നീടുണ്ടായ യാതന നിറഞ്ഞ ജീവിതത്തെ കുറിച്ചുമായിരുന്നു നിമിഷയ്ക്ക് പറയാനുണ്ടായിരുന്നത്. തന്‍റെ കുട്ടിക്കാലം ഒട്ടും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നതല്ലെന്ന് പറഞ്ഞു കൊണ്ടാണ് നിമിഷ തുടങ്ങിയത്. താന്‍ ജനിച്ചപ്പോള്‍ ആണ്‍കുട്ടി ആകാത്തത് കൊണ്ട് അച്ഛന്‍ കരഞ്ഞുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞ് കേട്ടിട്ടുള്ളത്. പിന്നീട് സഹോദരന്‍ ജനിച്ചതോടെ ആരും തനിക്ക് സ്നേഹം നല്‍കാതെയായെന്നും നിമിഷ പറഞ്ഞു.

പിന്നീട് പഠനത്തിലടക്കം ഒന്നാമതെത്തി അവരുടെ സ്നേഹം കിട്ടാനായി ശ്രമിച്ച് തുടങ്ങി. അത് സ്വയം കുഴിച്ച കുഴയായി പോയി, ഒരു ചെറിയ കുറവ് വന്നാല്‍ പോലും പ്രശ്നങ്ങളായിരുന്നു. സിവില്‍ സര്‍വ്വീസിനായി ശ്രമിച്ചെങ്കിലും വിചാരിച്ച പോലെ കാര്യങ്ങള്‍ പോകാത്തതിനാല്‍ അത് വേണ്ടെന്ന് തീരുമാനിച്ചു. അതും മാതാപിതാക്കള്‍ക്ക് ഇഷ്ടമായില്ല. പിന്നീട് നിയമം പഠിക്കാനായി പോയപ്പോള്‍ ഫീസ് ഒന്നും നല്‍കില്ലെന്ന് അവര്‍ പറഞ്ഞു. സിവില്‍ സര്‍വ്വീസ് പഠനത്തിനായി ഒരുപാട് കാശ് ചെലവാക്കിയെന്നും അവര്‍ പറഞ്ഞു.

തന്നെ ശാരീരികമായും മാതാപിതാക്കള്‍ ഉപദ്രവിച്ചിരുന്നുവെന്നും നിമിഷ പറഞ്ഞു. പണ്ടൊക്കെ അതിനോട് പ്രതികരിക്കുമായിരുന്നുവെങ്കിലും പിന്നീട് അതും അവസാനിച്ചും. രണ്ടാഴ്ച മുമ്പും തനിക്ക് അടിക്ക് കിട്ടിയെന്നും ഇനി വീട്ടിലോട്ട് പോകില്ലെന്നും നിമിഷ പറഞ്ഞു. 26-ാം വയസില്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രിയില്‍ ഒന്ന് പുറത്ത് പോയതിന് തന്നെ തല്ലിയെന്നും ഒരു മകളെ കുറിച്ച് പറയാന്‍ പാടില്ലാത്തതൊക്കെ അവര്‍ പറഞ്ഞുവെന്നും കണ്ണീരോടെ നിമിഷ പറഞ്ഞു.

മോഡലിംഗിന്‍റെ പേരില്‍ അവള്‍ ഡ്രെസ് ഒക്കെ ഊരുകയാണെന്ന് വരെ പറഞ്ഞു. എന്നാല്‍ അത്രയുമായിട്ടും മോളെ മാതാപിതാക്കള്‍ പഠിപ്പിച്ചില്ലേ എന്നാണ് ലക്ഷ്മിപ്രിയ ചോദിച്ചത്. തിരികെ ചെല്ലാന്‍ ഒരു വീടുണ്ട്. അച്ഛനോടും അമ്മയോടും പറയാതെ രാത്രിയില്‍ പോയിട്ടാണ് തല്ല് കിട്ടിയതെന്നും ലക്ഷ്മി പറഞ്ഞു. 26 വയസുള്ള ഒരാള്‍ക്ക് പുറത്ത് പോകണമെങ്കില്‍ അനുവാദം വാങ്ങിക്കണോ എന്നായിരുന്നു ലക്ഷ്മിയുടെ വാദത്തോട് നിമിഷയുടെയും ജാസ്മിന്‍റെയും പ്രതികരണം.

എന്നാല്‍, അമ്മയ്ക്കും അച്ഛനും ഉത്തരവാദിത്വമുള്ളത് കൊണ്ടാണ് തല്ലുന്നത് എന്ന് പറഞ്ഞ ലക്ഷ്മി തന്‍റെ വാദം കടുപ്പിച്ചു. 26 വയസില്‍ തീരുന്നതല്ല ഉത്തരവാദിത്വം. ലക്ഷ്മിയുടെ വാക്കുകള്‍ പൂര്‍ണമായി തള്ളുകയായിരുന്നു ജാസ്മിന്‍. പക്ഷേ, വാദങ്ങളില്‍ ഉറച്ച് നിന്ന ലക്ഷ്മി എന്നിലെ അമ്മയും പൊട്ടിത്തെറിക്കുമെന്നും പറഞ്ഞു.