ബിന്നിയുടെ ഭർത്താവും നടനുമായ നൂബിൻ, അവൾക്ക് പ്രിയപ്പെട്ട ചെമ്മീൻ റോസ്റ്റ് ഉൾപ്പെടെയുള്ള വിഭവങ്ങൾ ഒരുക്കി വീട്ടിലേക്ക് സ്വാഗതം ചെയ്തു. ബിന്നിയുടെ എവിക്ഷൻ ഉറപ്പാകുന്നതിന് മുൻപേ നൂബിൻ ഈ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. സീരിയൽ നടൻ നൂബിനാണ് ബിന്നിയുടെ ഭർത്താവ്. ബിഗ് ബോസ് മലയാളം സീസൺ 7-ലും മൽസരാർത്ഥിയായി ബിന്നി എത്തിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന എവിക്ഷനിലാണ് ബിന്നി പുറത്തായത്. ബിഗ്ബോസ് കഴിഞ്ഞ് വീട്ടിലെത്തുന്നതിനു മുൻപേ ബിന്നിക്കിഷ്ടപ്പെട്ട ഭക്ഷണങ്ങളൊരുക്കി വെയ്ക്കുന്നതാണ് നൂബിൻ പുതിയ വീഡിയോയിൽ കാണിക്കുന്നത്. ബിന്നിയുടെ എവിക്ഷൻ എപ്പിസോഡ് പുറത്തു വരുന്നതിനു മുൻപേ നൂബിൻ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.
ബിന്നി ഔട്ട് ആകുമോ എന്ന് ഉറപ്പില്ലെന്നും ചില സൂചനകൾ പ്രചരിക്കുന്നതിനെത്തുടർന്ന് അവൾക്കിഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കി വെയ്ക്കുകയാണെന്നും നൂബിൻ പറയുന്നുണ്ട്. അഥവാ ഔട്ട് ആയില്ലെങ്കിൽ ഉണ്ടാക്കി വെയ്ക്കുന്നതൊക്കെ താനും മമ്മിയും പപ്പയും കൂടി കഴിക്കുമെന്നും നൂബിൻ കൂട്ടിച്ചേർത്തു.
ചെമ്മീൻ റോസ്റ്റാണ് നൂബിൻ ആദ്യം ഉണ്ടാക്കുന്നത്
ബിഗ്ബോസ് ഹൗസിൽ ചെന്നപ്പോൾ ചെമ്മീൻ കഴിക്കാനുള്ള കൊതി ബിന്നി പറഞ്ഞിരുന്നു എന്നും നൂബിൻ പറയുന്നു. അതിനാൽ തന്നെ ബിന്നിക്കേറെ പ്രിയപ്പെട്ട ചെമ്മീൻ റോസ്റ്റാണ് നൂബിൻ ആദ്യം ഉണ്ടാക്കുന്നത്. ബീഫ് പാചകം ചെയ്ത് അത്ര പരിചയം ഇല്ലാത്തതിനാൽ അത് മമ്മിയാണ് ഉണ്ടാക്കുന്നതെന്നും നൂബിൻ പറയുന്നുണ്ട്. ''ബിന്നി ഒരുപാട് മെലിഞ്ഞു. ബോധമൊക്കെ പോയി. ഇതൊന്നും കഴിക്കാതെയാണല്ലോ ഇത്രയും ദിവസത്തിനുശേഷം വരുന്നത്. അതുകൊണ്ട് തന്നെ അവൾക്ക് ഇതെല്ലാം ഇഷ്ടപ്പെടും. കൂടുതൽ ശക്തമായി ഇനി മുതൽ ഞാൻ വീഡിയോ ഇടുന്നതായിരിക്കും. ബിന്നി ഹൗസിനുള്ളിലും നൂബിൻ യുട്യൂബിലൂടെയും വെറുപ്പീരാണെന്ന് കുറേപ്പേർ പറഞ്ഞ് കണ്ടിരുന്നു. ഞാൻ തുടർന്നും വെറുപ്പിക്കും. എന്റെ യുട്യൂബ് ചാനലിലെ ഒരുപാട് പേർ ഞങ്ങളുടെ വീഡിയോസ് കാണാൻ കാത്തിരിക്കുന്നുണ്ട്. അവർക്ക് വേണ്ടി ചെയ്യും. കാണുന്നവർ സപ്പോർട്ട് ചെയ്യുക കാണാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കുകയില്ല '', നൂബിൻ കൂട്ടിച്ചേർത്തു.



