Asianet News MalayalamAsianet News Malayalam

1.15 കോടി വോട്ടുകള്‍! ബിഗ് ബോസില്‍ നാലാം സ്ഥാനത്ത് ആ ജനപ്രിയ മത്സരാര്‍ഥി

അഞ്ചാം സ്ഥാനത്തെത്തിയ അനൂപ് കൃഷ്‍ണന് ലഭിച്ചത് ഒരു കോടിയിലേറെ വോട്ടുകള്‍

ramzan muhammed got 4th position in bigg boss 3
Author
Thiruvananthapuram, First Published Aug 1, 2021, 10:45 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ നാലാം സ്ഥാനത്ത് എത്തിയ മത്സരാര്‍ഥിക്ക് ലഭിച്ചത് 1.15 കോടി വോട്ടുകള്‍! ആദ്യ രണ്ട് സീസണുകളിലേതിനേക്കാള്‍ പലമടങ്ങ് വോട്ടുകള്‍ മത്സരാര്‍ഥികള്‍ നേടിയ സീസണ്‍ ആയിരുന്നു 'സീസണ്‍ ഓഫ് ഡ്രീമേഴ്സ്' എന്ന് അറിയപ്പെട്ട സീസണ്‍ 3. ആദ്യ സ്ഥാനങ്ങളിലെത്തിയ മത്സരാര്‍ഥികള്‍ക്കൊക്കെത്തന്നെ ലഭിച്ച വോട്ടുകള്‍ ജനപ്രീതിയിലെ ഈ വര്‍ധന അടിവരയിടുന്നു. അഞ്ചാം സ്ഥാനത്തെത്തിയ അനൂപ് കൃഷ്‍ണന് ലഭിച്ചത് ഒരു കോടിയിലേറെ വോട്ടുകളാണെങ്കില്‍ നാലാം സ്ഥാനത്തെത്തിയ മത്സരാര്‍ഥിക്ക് ലഭിച്ചത് 1.15 കോടി വോട്ടുകളാണ്!

റംസാന്‍ മുഹമ്മദ് ആണ് ആ മത്സരാര്‍ഥി. നര്‍ത്തകന്‍ എന്ന നിലയില്‍ ബിഗ് ബോസില്‍ എത്തുന്നതിനു മുന്‍പുതന്നെ ജനപ്രീതിയില്‍ ഏറെ മുന്നില്‍ നിന്നിരുന്ന റംസാന്‍ സീസണ്‍ 3ലെ ഏറ്റവും ശ്രദ്ധേയനായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു. അവസാന എട്ടില്‍ നിന്ന് നോബി, റിതു മന്ത്ര, കിടിലം ഫിറോസ് എന്നിവര്‍ പുറത്തായതിനു ശേഷമാണ് ഈ സീസണിലെ 'ഫൈനല്‍ ഫൈവ്' രൂപപ്പെട്ടത്.  മണിക്കുട്ടന്‍, അനൂപ്, സായ് വിഷ്‍ണു, ഡിംപല്‍, റംസാന്‍ എന്നിവരാണ് ഈ സീസണിലെ ഫൈനല്‍ ഫൈവ്.

അവസാന റൗണ്ടില്‍ ഇടംപിടിച്ച എട്ട് മത്സരാര്‍ഥികളുടെ സ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം മറ്റു ചില സമ്മാനങ്ങളും ബിഗ് ബോസ് 3 ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ അവതാരകനായ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. അതിലൊന്നായിരുന്നു ഈ സീസണില്‍ ഏറ്റവുമധികം ഊര്‍ജ്ജസ്വലത സൃഷ്‍ടിച്ച മത്സരാര്‍ഥിക്കുള്ള 'എനര്‍ജൈസര്‍ ഓഫ് ദി സീസണ്‍' പുരസ്‍കാരം. ഡിംപല്‍ ഭാലിനാണ് ഈ പുരസ്‍കാരം. അതേപോലെ 'ഗെയ്‍മര്‍  ഓഫ് ദി സീസണ്‍' പുരസ്‍കാരം അനൂപ് കൃഷ്‍ണനും 'എന്‍റര്‍ടെയ്‍നര്‍ ഓഫ് ദി സീസണ്‍' മണിക്കുട്ടനും 'പീസ്മേക്കര്‍ ഓഫ് ദി സീസണ്‍' നോബിക്കും ലഭിച്ചു.

അവസാന റൗണ്ടില്‍ എത്തിയ എട്ട് പേര്‍ക്കൊപ്പം സീസണ്‍ 3ലെ ഒരാളൊഴികെ മുഴുവന്‍ മത്സരാര്‍ഥികളും ഫിനാലെ വേദിയില്‍ മോഹന്‍ലാലിനൊപ്പം എത്തിയിരുന്നു. ഭാഗ്യലക്ഷ്‍മി മാത്രമാണ് വ്യക്തിപരമായ കാരണത്താല്‍ വിട്ടുനില്‍ക്കുന്നത്. രണ്ട് മാസത്തിനുശേഷം വീണ്ടും ഒരുമിച്ച് കാണുന്നതിന്‍റെ ആവേശത്തിലുമായിരുന്നു മത്സരാര്‍ഥികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios