ബിഗ് ബോസ് ഫിനാലെയ്ക്ക് തൊട്ടുമുന്‍പ് പുറത്തായ ആദില, അനുമോളുമായുണ്ടായ വലിയ തര്‍ക്കത്തിന്‍റെ കാരണങ്ങള്‍ വെളിപ്പെടുത്തുന്നു. 

ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. വിജയിയെ തീരുമാനിക്കുന്ന ഗ്രാന്‍ഡ് ഫിനാലെ നാളെയാണ് നടക്കുക. മുന്‍ സീസണുകളിലേതുപോലെ ആഘോഷിക്കപ്പെട്ട സൗഹൃദങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഈ സീസണിലും ചില ശ്രദ്ധേയ കോമ്പോകള്‍ ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു ആദില, നൂറ, അനുമോള്‍ എന്നിവരടങ്ങിയ സംഘം. പട്ടായ ഗേള്‍സ് എന്നാണ് ഇവര്‍ അറിയപ്പെട്ടത്. മുന്‍പും അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളുമൊക്കെ അനുമോള്‍ക്കും ആദില- നൂറയ്ക്കും ഇടയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവസാനവാരം നടന്നത് അതിനൊക്കെ മുകളിലായിരുന്നു. ഒരുപക്ഷേ ഫിനാലെ റിസള്‍ട്ടിനെത്തന്നെ സ്വാധീനിക്കുന്ന ഒന്നായി ഈ സംഘര്‍ഷം മാറി. പിന്നാലെ മിഡ് വീക്ക് എവിക്ഷനില്‍ ആദില പുറത്തുംപോയി. എവിക്റ്റ് ആയതിനുശേഷം അനുമോളുമായുള്ള തര്‍ക്കത്തിന്‍റെ കാരണത്തെക്കുറിച്ച് തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ആദില വിവരിക്കുന്ന വീഡിയോയും ശ്രദ്ധ നേടിയിട്ടുണ്ട്. അനുമോളുമായി ഇനിയും സൗഹൃദത്തില്‍ തുടരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ആദില പറയുന്നു.

ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുക എന്നത് പുറത്തുനിന്ന് കാണുന്നതുപോലെ ചില്ലറ കാര്യമല്ല. അനുമോളുമായിട്ടുള്ള പ്രശ്നത്തിന്‍റെ കാര്യം പറയുകയാണെങ്കില്‍ ഞങ്ങള്‍ രണ്ട് പേരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ട്. പിന്നില്‍ നിന്ന് കുത്തി എന്ന് അനുമോളെക്കുറിച്ച് റീ എന്‍ട്രി നടത്തിയ പലരും പറയുന്നത് കേട്ടു. തങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായ കാര്യം വന്ന പലരും പറഞ്ഞു. എല്ലാവരും അനുമോളെ ആയിരുന്നു പറഞ്ഞത്. അനുമോള്‍ പിആറിനെ വച്ചിരുന്നതുകൊണ്ട് അവര്‍ അങ്ങനെ ചെയ്തു, സൈബര്‍ ബുള്ളീയിംഗ് ചെയ്തു എന്നൊക്കെ. അത് കേട്ടപ്പോള്‍ എനിക്കും വിഷമമായി. വന്ന എല്ലാ ആളുകള്‍ക്കും എന്‍റെ മനസില്‍ ഒരു സ്ഥാനമുണ്ട്. എനിക്ക് എടുത്തുചാട്ടം ഉണ്ടെന്ന് അറിയാമല്ലോ. ആംഗര്‍ ഇഷ്യൂസും ഉള്ളതാണ്. അനുമോള്‍ സഹമത്സരാര്‍ഥികളെ കല്‍പ്പിച്ചുകൂട്ടി ഉപദ്രവിക്കുകയാണെന്ന് എനിക്ക് തോന്നി.

പറഞ്ഞ കാര്യങ്ങളിലൊന്നും ഞാന്‍ കള്ളം ചേര്‍ത്തിട്ടില്ല. അതൊന്നും ഞാന്‍ മാറ്റുന്നുമില്ല. എനിക്ക് ട്രസ്റ്റ് ഇഷ്യൂസ് ഉണ്ട്. എന്തോ കണ്ടിട്ടാണ് ഞാനും നൂറയും ഒപ്പം നിന്നതെന്ന് അനുമോള്‍ നേരത്തെ പറഞ്ഞിരുന്നല്ലോ. അത് ശരിക്കും പറഞ്ഞതു തന്നെയാണോ, മറ്റുള്ളവര്‍ക്ക് വന്ന അനുഭവങ്ങള്‍ ആയിരിക്കുമോ എനിക്കും വരിക എന്നൊക്കെ ഞാന്‍ ചിന്തിച്ചുകൂട്ടി. ബിഗ് ബോസില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ ദേഷ്യമൊക്കെ അങ്ങ് പൊട്ടും. എന്താണ് ഒരാളെ പറയുന്നത് എന്ന് നമ്മള്‍ ആലോചിക്കുക കുറച്ച് കഴിഞ്ഞിട്ടായിരിക്കും. എതിരെ നില്‍ക്കുന്ന ആള്‍ നമ്മളെ ചതിക്കുന്നുണ്ടോ എന്ന് തോന്നുന്ന, ട്രസ്റ്റ് ഇഷ്യൂസ് ഉണ്ടാവുന്ന സ്ഥലമാണ് ബിഗ് ബോസ്. പിന്നെ നമ്മള്‍ മാനിപ്പുലേറ്റഡ് ആവുന്ന സ്ഥലം കൂടിയാണ്. കാരണം എന്ത് പറയാനാണെങ്കിലും ഞങ്ങള്‍ ഇത്രയും പേരെയേ ഉള്ളൂ.

എന്‍റെ ഭാഗത്തുനിന്ന് തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ അംഗീകരിക്കുന്നുണ്ട്. കാരണം അനു എന്നെ വിശ്വസിച്ച് പറഞ്ഞ കാര്യങ്ങളാണ്. തിരിച്ചുവന്നവര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ അനുമോള്‍ എന്നെ ഉപയോഗിക്കുകയായിരുന്നോ എന്ന് ചിന്തിച്ചു. എനിക്ക് ഇനിയും അനുവിനോടടക്കം ആരോടും മിണ്ടുന്നതിന് പ്രശ്നമൊന്നും ഇല്ല. എല്ലാവരും പറയുന്നുണ്ട് ഞങ്ങള്‍ പട്ടായയില്‍ പോവില്ലെന്ന്. പക്ഷേ ഞങ്ങള്‍ പോവും. അവള്‍ക്ക് (അനുമോള്‍) എന്നോട് ഓകെ ആണെങ്കില്‍ ഞങ്ങള്‍ എല്ലാവരും പട്ടായയില്‍ പോവും. അവള്‍ എന്‍റെ നല്ല ഒരു ഫ്രണ്ട് ആണ്. എനിക്ക് ഒരു സഹോദരിയെപ്പോലെ ആയിരുന്നു. അവിടെ നിന്നുള്ളത് അവിടെ തന്നെ പറഞ്ഞ് തീര്‍ക്കാനാണ് ഞാന്‍ ശ്രമിച്ചത്, ആദില പറയുന്നു. ബിഗ് ബോസ് എപ്പിസോഡുകള്‍ കാണാതെ ഷോര്‍ട്ട് വീഡിയോസും സോഷ്യല്‍ മീഡിയയിലെ കമന്‍റുകളും കണ്ട് ഒരു മത്സരാര്‍ഥിയെ വിലയിരുത്തരുതെന്നും പ്രേക്ഷകരോടായി ആദില പറയുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്