Asianet News MalayalamAsianet News Malayalam

യു/എ സര്‍ട്ടിഫിക്കേഷനു ശേഷം 21 കട്ടുകള്‍; സല്‍മാന്‍ ഖാന്‍റെ 'രാധെ'യില്‍ നിന്നും മുറിച്ചുനീക്കിയ രംഗങ്ങള്‍

ഈ കട്ടുകള്‍ക്കു മുന്‍പു തന്നെ സല്‍മാന്‍ ഖാന്‍റെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ചിത്രമായിരുന്നു രാധെ. 117 മിനിറ്റും 55 സെക്കന്‍ഡുമായിരുന്നു ചിത്രത്തിന്‍റെ ദൈര്‍ഘ്യം

21 voluntary cuts in salman khan starring radhe
Author
Thiruvananthapuram, First Published May 9, 2021, 5:49 PM IST

ബോളിവുഡ് സൂപ്പര്‍താര ചിത്രങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിനിമാവ്യവസായം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന 'രാധെ'. കഴിഞ്ഞ വര്‍ഷത്തെ ഈദ് റിലീസ് ആയി ആദ്യം ചാര്‍ട്ട് ചെയ്‍തിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷം നീണ്ടു. ഇത്തവണത്തെ ഈദ് റിലീസ് ആയി ഈ മാസം 13ന് തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമിലുമായി ഒരേസമയം പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് ചിത്രം. സെന്‍സര്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേഷന്‍ അടുത്തിടെ പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു ലഭിച്ചത്. കട്ടുകളൊന്നും കൂടാതെയാണ് ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത് എന്നായിരുന്നു വിവരം. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി ലഭിച്ചതിനു ശേഷം സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ തീരുമാനപ്രകാരം ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്‍തതായാണ് വിവരം.

ഒന്നും രണ്ടുമല്ല, 21 കട്ടുകളാണ് ചിത്രത്തിന് വരുത്തിയതെന്നാണ് പുതിയ വിവരം. തിയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലും ഒരേ ദിവസം എത്തുന്ന ഹൈബ്രിഡ് റിലീസിലാണ് നിര്‍മ്മാതാക്കള്‍ തയ്യാറെടുത്തിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമിലൂടെ എത്തുമ്പോള്‍ കൂടുതല്‍ കുടുംബപ്രേക്ഷകര്‍ എത്തുമെന്ന നിഗമനത്തിലാണ് സര്‍ട്ടിഫിക്കേഷന് ശേഷവും ചിത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ആണ്‍കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന രംഗങ്ങളാണ് നീക്കം ചെയ്‍തവയില്‍ പ്രധാനം. 'രാധെ'യുടെ പൊലീസ് സ്റ്റേഷന് പുറത്തുനിന്നുള്ള ബാങ്ക് വിളിയുടെ രംഗമാണ് മറ്റൊന്ന്. നായക കഥാപാത്രം 'സ്വച്ഛ് മുംബൈ' എന്ന് പറയുന്നത് 'സ്വച്ഛ് ഭാരത്' എന്നാക്കിയിട്ടുണ്ട്. 'ജയ് മഹാരാഷ്ട്ര' എന്ന പ്രയോഗം നീക്കംചെയ്‍തിട്ടുമുണ്ട്.

21 voluntary cuts in salman khan starring radhe

 

ഈ കട്ടുകള്‍ക്കു മുന്‍പു തന്നെ സല്‍മാന്‍ ഖാന്‍റെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ചിത്രമായിരുന്നു രാധെ. 117 മിനിറ്റും 55 സെക്കന്‍ഡുമായിരുന്നു ചിത്രത്തിന്‍റെ ദൈര്‍ഘ്യം. 21 കട്ടുകളില്‍ ഒഴിവാക്കപ്പെട്ട ആകെ സമയം മൂന്ന് മിനിറ്റും 31 സെക്കന്‍ഡുമാണ്. നിലവിലെ റണ്ണിംഗ് ടൈം 114 മിനിറ്റ്, 24 സെക്കന്‍ഡ്. തിയറ്ററുകളിലെ ലിമിറ്റഡ് റിലീസിനൊപ്പം ഒടിടി പ്ലാറ്റ്ഫോം സീ 5ന്‍റെ പേ പെര്‍ വ്യൂ മാതൃകയായ സീ പ്ലെക്സിലാണ് ചിത്രം എത്തുക. സീ പ്ലെക്സില്‍ ചിത്രം കാണാനായി നല്‍കേണ്ടത് 249 രൂപയാണ്.  230 കോടിക്കാണ് സീ സ്റ്റുഡിയോസ് ചിത്രത്തിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൊറിയന്‍ ചിത്രം 'ദി ഔട്ട്ലോസി'ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്'. പ്രഭുദേവയാണ് സംവിധാനം. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. 

Follow Us:
Download App:
  • android
  • ios